ഇടുക്കി: പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച ജില്ലയിലെ വനിതാ സംഘകൃഷി ഗ്രൂപ്പുകൾക്ക് ഒന്നരക്കോടി രൂപയുടെ ധനസഹായം ഇടുക്കി കുടുംബശ്രീ മിഷൻ മുഖേന വിതരണം ചെയ്തു. ജില്ലയിൽ പ്രളയം ബാധിച്ച 750 വനിതാ സംഘകൃഷി ഗ്രൂപ്പുകൾക്കാണ് 20000 രൂപ വീതം സഹായം നൽകിയത്. സംസ്ഥാന പ്ലാനിംഗ് ബ്ലോർഡിന്റെ സഹായത്തോടെ നൽകിയ തുക സംഘകൃഷി ഗ്രൂപ്പുകൾ വിവിധ കാർഷിക പുനരുജ്ജീവന പ്രവർത്തനങ്ങൾക്കും മറ്റ് കാർഷിക പദ്ധതികൾക്കുമാണ് വിനിയോഗിക്കുന്നത്.
ജില്ലയിലെ ഇടുക്കി, ഇളംദേശം, അടിമാലി, കട്ടപ്പന, അഴുത, നെടുംങ്കണ്ടം, ദേവികുളം എന്നീ ബ്ലോക്കുകളിലാണ് ധനസഹായം നൽകിയത്. പ്രളയം മൂലം സാമ്പത്തിക നഷ്ടം നേരിടുകയും ഇപ്പോൾ കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്ന വനിതാ സംഘകൃഷി ഗ്രൂപ്പുകൾക്ക് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാർഷിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ഈ സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തും.