ലക്ഷ്യം സമ്പൂർണ മാലിന്യ സംസ്‌കരണമെന്ന് ഭരണസമിതി
പരിശോധനകൾക്കുശേഷം സ്ഥാപിക്കണമെന്ന് പ്രതിപക്ഷം
നഗരത്തിൽ മാലിന്യ സംസ്‌കരണം മുടങ്ങി
കട്ടപ്പന: ബയോ കൺവെർട്ടർ യൂണിറ്റ് കയറ്റിവന്ന ലോറി തടഞ്ഞതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാനായി ചേർന്ന കട്ടപ്പന നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. പ്രതിപക്ഷ അംഗങ്ങളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ചെയർമാനും ഭരണസമിതി അംഗങ്ങളും രംഗത്തെത്തി. നഗരസഭയിലെ സമ്പൂർണ മാലിന്യ നിർമാർജനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് യൂണിറ്റ് സ്ഥാപിക്കുന്നതെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി പറഞ്ഞു. എന്നാൽ കൗൺസിലിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനമെടുത്ത് യൂണിറ്റ് സ്ഥാപിക്കാനായിരുന്നു നീക്കമെന്ന് എൽ.ഡി.എഫ്. അംഗങ്ങൾ ആരോപിച്ചു. പുളിയൻമലയിലെ സംസ്‌കരണ കേന്ദ്രത്തിൽ മാലിന്യം നിക്ഷേപിക്കുന്നതിന് ആരും തടസമുന്നയിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ്. കൗൺസിലർ എം.സി. ബിജു പറഞ്ഞു. ഇവിടുത്തെ മാലിന്യക്കൂമ്പാരത്തിനു സമീപമാണ് പുതിയ യൂണിറ്റ് സ്ഥാപിക്കാനൊരുങ്ങുന്നത്. നേരത്തെ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണ് നാശനഷ്ടം സംഭവിച്ചിരുന്നു. മഴക്കാലത്ത് ഇവ സമീപത്തെ സ്ഥലങ്ങളിലേക്ക് ഒലിച്ചിറങ്ങും. ബയോ കൺവെർട്ടർ മാറ്റുന്ന കാര്യം അറിഞ്ഞില്ലെന്നാണ് നഗരസഭ സെക്രട്ടറി പറഞ്ഞത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനകൾക്കുശേഷം പ്ലാന്റ് സ്ഥാപിക്കണം. ഇതിന്റെ പേരിൽ മാലിന്യ നിർമാർജനം മുടക്കരുതെന്നും എം.സി. ബിജു പറഞ്ഞു.
നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞതോടെയാണ് ബഹളമുണ്ടായത്. പുതിയ യൂണിറ്റ് സ്ഥാപിക്കുന്നതുകൊണ്ട് പ്രദേശവാസികൾക്ക് ദോഷമില്ല. മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനാണ് പുതിയ പദ്ധതിയെന്നും തോമസ് മൈക്കിൾ പറഞ്ഞു. എന്നാൽ നഗരസഭ നടപ്പാക്കുന്ന പല പദ്ധതികളും കൗൺസിൽ അംഗങ്ങൾ അറിയുന്നില്ലെന്ന് എൽ.ഡി.എഫ്. അംഗം സി.കെ. മോഹനൻ ആരോപിച്ചു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു മാലിന്യം തരംതിരിച്ച് ശേഖരിക്കാനുള്ള തീരുമാനം നടപ്പായില്ല. അപ്രതീക്ഷിതമായി പ്ലാന്റ് സ്ഥാപിക്കാൻ ശ്രമിച്ചാൽ ജനങ്ങളുടെ പ്രതിഷേധം സ്വഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ ഭരണസമിതി സാമ്പത്തിക ദുർവിനിയോഗം നടത്തുകയാണെന്ന് ബി.ജെ.പി. അംഗം പി.ആർ. രമേശ് ആരോപിച്ചു. നഗരസഭ കാര്യാലയത്തിനു സമീപം ബയോ കൺവെർട്ടർ യൂണിറ്റ് സ്ഥാപിക്കാനായി നിർമിച്ച ഒറ്റമുറി കെട്ടിടത്തിനു എട്ടുലക്ഷം രൂപയാണ് ചെലവഴിച്ചത്. യൂണിറ്റ് മാറ്റിയതോടെ ഈ തുക പാഴായെന്നും പി.ആർ. രമേശ് പറഞ്ഞു. നഗരസഭ കാര്യാലയത്തിനു സമീപം ബയോ കൺവെർട്ടർ യൂണിറ്റ് സ്ഥാപിച്ച് മാലിന്യം വേർതിരിച്ച് സംസ്‌കരിക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് പുളിയൻമലയിലേക്കു മാറ്റുന്നതെന്ന് ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു. മാലിന്യം കൊണ്ടുവന്ന് തരംതിരിക്കുമ്പോൾ സ്ഥലത്ത് ദുർഗന്ധം വമിക്കും. എന്നാൽ ബയോ കൺവെർട്ടറിൽ ഈ പ്രശ്‌നമില്ലെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
അതേസമയം ബയോ കൺവെർട്ടർ യൂണിറ്റ് കയറ്റിയ നഗരഭസയുടെ ലോറി പുളിയൻമലയിൽ തടഞ്ഞിട്ടതിനാൽ ഇന്നലെ നഗരത്തിലെ മാലിന്യ സംസ്‌കരണം മുടങ്ങി. തിങ്കളാഴ്ചയാണ് പുളിയൻമലയിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്കുവന്ന ലോറി കൗൺസിലർ എം.സി. ബിജുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത്.