മൂന്നാർ: സർക്കാർ ഭൂമി കൈയേറി പണിത ഷെഡ് സബ് കളക്ടർ നേരിട്ടെത്തി പൊളിച്ചുനീക്കി. എം.ജി കോളനിയിൽ സർവേ നമ്പർ 912ൽ പെട്ട സർക്കാർ ഭൂമിയിൽ പണിത ഷെഡാണ് സബ്‌കളക്ടർ എസ്. പ്രേംകൃഷ്ണൻ, സ്‌പെഷ്യൽ തഹസീൽദാർ ബിനു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റിയത്. ഒരാഴ്ച മുമ്പ് ഭൂമി കൈയേറി മണ്ണ് നിരപ്പാക്കുകയും തിങ്കളാഴ്ച രാത്രിയിൽ ഷെഡ് പണിയുകയുമായിരുന്നു. റവന്യൂ വകുപ്പ് നൽകിയ സ്റ്റോപ് മെമ്മോ അവഗണിച്ചായിരുന്നു നിർമാണം. തുടർന്ന് ഇന്നലെ സബ് കളക്ടറുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പണിയായുധങ്ങൾ പിടിച്ചെടുത്തു. ഇവിടേക്ക് നിർമാണ സാമഗ്രികളുമായി എത്തിയ രണ്ട് മിനിലോറികളും പിടിച്ചെടുത്തു. ഭൂമി ഉടമയായ ആരോഗ്യ ദാസിനെതിരെ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കാനും സബ്‌കളക്ടർ നിർദേശം നൽകി. രണ്ടര ഏക്കർ സ്ഥലം ചുറ്റിലും ഇരുമ്പു വേലികൾ കെട്ടി സർക്കാർ ബോർഡ് സ്ഥാപിക്കാൻ മൂന്നാർ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.