പട്ടയം കിട്ടുക കരിമണ്ണൂർ, ഉടുമ്പന്നൂർ, വണ്ണപ്പുറം, അറക്കുളം ,വെളളിയാമറ്റം, കുടയത്തൂർ പ്രദേശത്തുള്ളവർക്ക്
ചെറുതോണി: കരിമണ്ണൂർ ഭൂമി പതിവ് ഓഫീസിനു കീഴിലുളള പ്രദേശങ്ങളിൽ പട്ടയം നൽകുന്നതിന് സർക്കാർ ഉത്തരവായി. 50 വർഷത്തിലധികമായുളള കൃഷിക്കാരുടെ ആവശ്യത്തിനാണ് സർക്കാർ ഇപ്പോൾ അംഗീകാരം നൽകിയിട്ടുളളത്. 1964 ലെ ഭൂമി പതിവ്ചട്ടം അനുസരിച്ച് 5000 ൽ അധികം പേർക്കാണ് ഇപ്പോൾ പട്ടയം നൽകുന്നത്. ഈ പ്രദേശങ്ങളിലെ പട്ടിക ജാതി ജനവിഭാഗങ്ങൾക്കും പട്ടയം ലഭിക്കും. പട്ടയം നൽകുന്നതിന് കരിമണ്ണൂർ ഭൂമി പതിവ് തഹസിൽദാരെ ചുമതലപ്പെടുത്തികൊണ്ട് സർക്കാർ ഉത്തരവായി. ഇടുക്കി ജില്ലാ കളക്ടറുടെ കത്ത് പരിഗണിച്ചാണ് സർക്കാർ പട്ടയം നൽകുന്നതിന് ഉത്തരവിറക്കിയത്. വനം വകുപ്പിന്റെ ജണ്ടക്ക് പുറത്തുളളതും വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനാ ലിസ്റ്റിൽ ഉൾപ്പെട്ട് വരാത്തതുമായ കൈവശഭൂമിക്കാണ് പട്ടയം നൽകുന്നത്.1971 ന് മുമ്പ് കുടിയേറ്റത്തിന് വിധേയമായിട്ടുളള കൈവശഭൂമിക്കാണ് പട്ടയം നൽകുന്നത്. കരിമണ്ണൂർ ഭൂമി പതിവ് സ്‌പെഷ്യൽ ഓഫീസിന് കീഴിലുളള കരിമണ്ണൂർ, ഉടുമ്പന്നൂർ, വണ്ണപ്പുറം, അറക്കുളം ,വെളളിയാമറ്റം, കുടയത്തൂർ, തുടുങ്ങിയ പ്രദേശങ്ങളിലുളള കർഷകർക്കും പട്ടികജാതി പട്ടിക വർഗ ജന വിഭാഗങ്ങൾക്കും ഉത്തരവിൻ പ്രകാരം പട്ടയം നൽകും. സമാനമായ ഉത്തരവ് ഉടൻ ലഭിക്കുന്നതിലൂടെ കഞ്ഞിക്കുഴി , വാഴത്തോപ്പ് പഞ്ചായത്തുകളിലും പട്ടയം നൽകാൻ കഴിയും. 28560 ഉപാധിരഹിത പട്ടയമാണ് സർക്കാർ ഇടുക്കി ജില്ലയിൽ ഇതുവരെ നൽകിയിട്ടുളളത്. കാലാവധി പൂർത്തിയാക്കും മുമ്പ് അരലക്ഷം പേർക്ക് പട്ടയം നൽകുാനാണ് തീരുമാണം.