തൊടുപുഴ: ജില്ലാ ജയിലിലേക്കുള്ള കുടിവെള്ള പദ്ധതിയിൽ അടിഞ്ഞു കൂടിയ ചെളിയും മറ്റ് മാലിന്യകൂമ്പാരവും നീക്കം ചെയ്തു. മലങ്കര അണക്കെട്ടിന്റെ ജലസംഭരണിയോട് അനുബന്ധിച്ച് മാത്തപ്പാറ ഭാഗത്താണ് ജില്ലാ ജയിലിലേക്കുള്ള കുടിവെള്ള പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. മഴക്കാലം ശക്തി പ്രാപിക്കുന്നതിന് മുന്നോടിയായി തൊടുപുഴയാറിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞു കൂടിയ കല്ലും മണ്ണും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് ആറ്റിലൂടെ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് ഏതാനും ദിവസങ്ങളായി കുറച്ചിരുന്നു. അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ രാത്രി കാലങ്ങളിൽ 40 സെ. മീറ്റർ ഉയർത്തിയ അവസ്ഥ തുടരുകയാണെങ്കിലും പകൽ സമയങ്ങളിൽ 10 സെ. മീറ്റർ മാത്രം ഉയർത്തിയാണ് തൊടുപുഴയാറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വന്നത്. അണക്കെട്ടിൽ ജല നിരപ്പ് താഴ്ന്നതിനാൽ അണക്കെട്ടിലെ വെള്ളത്തിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന 100 ൽ പരം കുടിവെള്ള പദ്ധതികൾ സ്തംഭനാവസ്ഥയിലായി. ജില്ലാ ജയിലിലേക്കും ആവശ്യത്തിന് കുടി വെള്ളം എത്തിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ജയിലിലേക്ക് കുടി വെള്ളം എത്തിക്കുന്നതിന് മാത്തപ്പാറയിൽ കിണറിൽ സ്ഥാപിച്ചിരുന്ന മോട്ടോർ സെറ്റിൽ ചെളിയും അഴുക്കും മറ്റ് മാലിന്യങ്ങളും അടിഞ്ഞു കൂടി പമ്പിങ്ങിന് തടസവും നേരിട്ടിരുന്നു. ജല നിരപ്പ് താന്നതിനെ തുടർന്നാണ് കുടിവെള്ള പദ്ധതിയിൽ അടിഞ്ഞു കൂടിയ മാലിന്യ കൂമ്പാരം ഇന്നലെ ജയിൽ അധികൃതരുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്.
ജലനിരപ്പ് താഴ്ത്തി
കാലവർഷം മുന്നിൽ കണ്ട് മലങ്കര അണക്കെട്ടിലെ ജലനിരപ്പ് 36.90 മീറ്റർ വരെ താഴ്ത്താൻ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ തൊടുപുഴയാറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഏതാനും ദിവസങ്ങളായി അണക്കെട്ടിലെ ജല നിരപ്പ് 39.78 മീറ്ററായി നിലനിർത്തിയിരുന്നു.