തൊടുപുഴ: ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പെടെ നാല് പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. കുമളി വലിയകണ്ടം സ്വദേശികളായ 35 കാരിയായ അമ്മയ്ക്കും പത്തും പന്ത്രണ്ടും വയസുള്ള രണ്ട് മക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ദുബായിൽ നിന്നെത്തിയ നെടുങ്കണ്ടം സ്വദേശിയായ 30കാരനും രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് മേയ് 31നാണ് മൂന്നംഗ കുടുംബം കുമളിയിലെത്തിയത്. ചെന്നൈയിൽ നിന്ന് എത്തിയ ഇവരുൾപ്പെടുന്ന ഒമ്പതംഗ സംഘത്തിൽ ഒരാളെ പാസില്ലാത്തതിനാൽ കുമളിയിൽ വച്ച് തിരിച്ചയച്ചിരുന്നു. ബാക്കിയുള്ള എട്ട് പേർ ടാക്സി വാഹനത്തിലാണ് അവരവരുടെ വീടുകളിലേക്ക് പോയത്. അമ്മയും മക്കളും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരെ വീട്ടിലെത്തിച്ച ടാക്സി ഡ്രൈവറെയും കുടുംബത്തെയും നിരീക്ഷണത്തിലാക്കി. നെടുങ്കണ്ടം സ്വദേശി ജൂൺ നാലിനാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് തൊടുപുഴയിലെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ഇതിന് ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാൾ ആരുമായും സമ്പർക്കത്തിലേർപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ജില്ലയിൽ ഇന്ന് ആർക്കും രോഗമുക്തിയില്ല. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 27 ആയി. ഇതുവരെ 54 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്.