ഏറ്റവും കുറവ് നിയമനം നടന്നത് ഇടുക്കിയിൽ
താൽക്കാലിക നിയമനത്തിന് കുറവില്ല
തൊടുപുഴ: ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് രണ്ട്) നിയമനം ജില്ലയിൽ ഇഴഞ്ഞു നീങ്ങുന്നു. 2018 ജൂലായിൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ മെയിൻ ലിസ്റ്റിലും സപ്ലിമെന്ററി ലിസ്റ്റിലുമായി 347 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതുവരെ നിയമനം ലഭിച്ചതാവട്ടെ 51 പേർക്ക് മാത്രം. കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രമുള്ള റാങ്ക് പട്ടികയിലെ മൂന്നിലൊന്ന് ആളുകൾക്ക് പോലും നിയമനം നൽകിയിട്ടില്ല. താത്കാലിക നിയമനങ്ങൾ നടത്തുന്നതും അവരെ കരാർ അനുസരിച്ച് പുതുക്കി നിലനിറുത്തുന്നതുമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിന് പ്രധാന കാരണമായി റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾ ചൂണ്ടിക്കാണിക്കുന്നത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറ്റവും കുറവ് നിയമനങ്ങൾ നടന്നതും ഇടുക്കിയിലാണെന്നു ഉദ്യോഗാർത്ഥികൾ പറയുന്നു. പി.എസ്.സി നൽകുന്ന അതേ ശമ്പളം തന്നെ നൽകി താത്കാലിക ജീവനക്കാരെ നിയമിക്കുമ്പോൾ കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് പട്ടികയിൽ ഇടംനേടിയിട്ടും തങ്ങളെ പരിഗണിക്കാത്തതു ഏറെ വേദനാജനകമാണെന്ന് അവർ പറയുന്നു.
സ്റ്റാഫ് പാറ്റേൺ പഴയത്
ജില്ലയിലെ 4 താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ സ്റ്റാഫ് പാറ്റേണും തൊടുപുഴ, ഇടുക്കി ജില്ലാ ആശുപത്രികളിൽ താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണും തന്നെയാണ് പിന്തുടരുന്നത്. ഇതിനാൽ നഴ്‌സുമാരുടെ കുറവ് മൂലം രോഗികളും ദുരിതത്തിലാണ്. ജില്ലയിലെ അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സ്റ്റാഫ് നഴ്‌സ് തസ്തികയേ ഇല്ല. ആദിവാസി മേഖലകളിൽ നിന്നുൾപ്പെടെ ഒട്ടേറെ രോഗികളും ഗർഭിണികളും ആശ്രയിക്കുന്ന അടിമാലി താലൂക്ക് ആശുപത്രിയിൽ ഉള്ളത് 12 സ്റ്റാഫ് നഴ്‌സ് തസ്തികകൾ മാത്രം. കൂടുതൽ രോഗികൾ എത്തുന്ന തൊടുപുഴ ജില്ലാ ആശുപത്രി, അടിമാലി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഉൾപ്പെടെ കൂടുതൽ സ്റ്റാഫ് നഴ്‌സ് തസ്തികകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ നൽകിയ അപേക്ഷ സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല.