തൊടുപുഴ: അറവുശാലയിൽ നിന്നുള്ളവയുൾപ്പടെ 'ലോകത്തിലെ' സകല മാലിന്യങ്ങളും ആർക്കും വലിച്ചെറിയാവുന്ന കുപ്പത്തൊട്ടിയായിരുന്നു ഒരു വർഷം മുമ്പ് കാഞ്ഞാറിലെ എം.വി.ഐ.പി വക ഒരേക്കറോളം ഭൂമി. പലരും കൈയേറി കൃഷിയും അനധികൃത നിർമ്മാണവുമെല്ലാം നടത്തിയിരുന്ന ആനക്കയം റോഡിലെ ഈ ഒരേക്കറോളം ഭൂമി ഇന്ന് മനോഹരമായൊരു പച്ചത്തുരുത്താണ്. ചെറുതും വലുതുമായ ആയിരത്തിലേറെ വൃക്ഷത്തൈകൾ 'പന'പോലെ വളരുന്ന ചെറുവനം. ഹരിതകേരളവും വെള്ളിയാമറ്റം പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയുമൊത്ത് ചേർന്നാണ് കഴിഞ്ഞ ജൂൺ 16ന് ഈ പച്ചത്തുരുത്ത് നാടിന് സമർപ്പിച്ചത്. 250 വൃക്ഷത്തൈകളിൽ തുടങ്ങിയ ഈ പച്ചത്തുരുത്തിൽ ഇപ്പോൾ പുളിയും പ്ലാവും മാവും നെല്ലിയും അത്തിയും ആര്യവേപ്പും ഇത്തിയും മരുതും മഹാഗണിയും തുടങ്ങി 1400 ഇനങ്ങളുണ്ട്. ചുറ്റിനും ചെമ്പരത്തിയും ഈറ്റയുമൊക്കെയൊരുക്കിയ മനോഹരമായ ജൈവവേലിയുമുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ ഈ പച്ചത്തുരുത്തിനെ ഭദ്രമായി പരിപാലിക്കുന്നുണ്ട്. 15 പേരാണ് മിക്കവാറും ഉണ്ടാവുക. സമീപ പ്രദേശത്ത് നിന്നും സ്വന്തം വീടുകളിൽ നിന്നുമെല്ലാം ചാണകം കൊണ്ടുവന്ന് ഇവർ വളമേകും. കാട് കയറാതെ ചെറിയ കളകൾ പോലും നീക്കും. നിശ്ചിത ഇടവേളകളിൽ മണ്ണ് കൂട്ടിക്കൊടുക്കും.
'കാഞ്ഞാറിലെ പച്ചത്തുരുത്ത് പഞ്ചായത്തിന്റെ അഭിമാനമാണ്. കാഞ്ഞാറിലെ പച്ചത്തുരുത്ത് വ്യാപിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എം.വി.ഐ.പിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. അവരുടെ അനുമതി ലഭിച്ചാലുടൻ വ്യാപനമുണ്ടാകും. പൂമാല ഗവ. സ്‌കൂൾ, വെട്ടിമറ്റം ഗവ. സ്‌കൂൾ എന്നിവിടങ്ങളിൽ പുതിയ പച്ചത്തുരുത്തുകൾ രൂപപ്പെടുത്തും"
- ഷീബ രാജശേഖരൻ (പഞ്ചായത്ത് പ്രസിഡന്റ്)