തൊടുപുഴ: കൊവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുന്നതിനോടനുബന്ധിച്ചു തൊടുപുഴ സബ് റീജിണൽ ട്രാൻസ്‌പോർട് ഓഫീസിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഓൺലൈൻ ചെയ്യാവുന്ന അപേക്ഷകൾ മതിയായ സ്റ്റാമ്പ് ഒട്ടിച്ച കവറും ഫോൺ നമ്പറും സഹിതം ഓഫീസിന് മുന്നിലെ പെട്ടിയിലിടണം. ഓൺലൈൻ ഇല്ലാത്ത സേവനങ്ങൾക്കും, ജീവനക്കാരെ നേരിട്ടു സന്ദർശിക്കേണ്ടവരും ഓഫീസിലെ ടോക്കൺ സംവിധാനം ഉപയോഗപ്പെടുത്തണം. ഓഫീസിൽ പ്രവേശിക്കേണ്ടവർ പുറത്തു വച്ചിട്ടുള്ള രജിസ്റ്ററിൽ പേരും ഫോൺ നമ്പറും എഴുതണം. കൂടാതെ തെർമൽ സ്‌കാനർ പരിശോധനയ്ക്ക് വിധേയരായ ശേഷം ഓഫീസിനു പുറത്തു സൂക്ഷിച്ചിട്ടുള്ള സാനിറ്റിസെർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വാഹനമായ ആട്ടോറിക്ഷകളിൽ ഡ്രൈവർമാർക്ക് സാനിറ്റിസെർ വിതരണം ചെയ്യും. തൊടുപുഴ ജോയിന്റ് ആർ.ടി.ഒ പി. എ. നസീറിന്റെ നേതൃത്വത്തിൽ തൊടുപുഴ ബസ് സ്റ്റാൻഡിൽ നടത്തിയ പരിപാടിയിൽ തൊടുപുഴ സർക്കിൾ ഇൻസ്‌പെക്ടർ സുധീർ ബാബു, എ.എം.വി.ഐമാരായ നിസാർ ഹനീഫ, ദിനേശ് കുമാർ എം എന്നിവർ പങ്കെടുത്തു.