jackfroot


ചെറുതോണി: ചക്കകൊണ്ടുള്ള വിവിധ വിഭവങ്ങൾ ഇനി വിപണിയിലെത്തും.ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പൈനാവ് താന്നിക്കണ്ടത്താരംഭിച്ചിരിക്കുന്ന ചക്കസംസ്‌കരണ യൂണിറ്റിൽനിന്നുമാണ് ഇനി ചക്കകൊണ്ടുണ്ടാക്കുന്ന കൊതിയൂറും വിഭവങ്ങൾ. വിപണിയിലെത്തുക . വനിതകൾക്ക് തൊഴിലും ഉപതൊഴിലും ലക്ഷ്യമിട്ടുള്ളതാണ് ചക്കസംസ്‌കരണ യൂണിറ്റ്. പാചക രംഗത്ത് പരിശീലനം സിദ്ധിച്ച വീട്ടമ്മമാർ തയ്യാറാക്കുന്ന ചക്കയപ്പം, ചക്കവരട്ടി, ചക്കപായസം, ചക്കഉണ്ണിയപ്പം, ചക്കയലുവ, ചക്കയട, ചക്കബജ്ജി തുടങ്ങി ഒരു ഡസൺ വിഭവങ്ങളാണ് പാക്കറ്റുകളിലാക്കി വിപണികളിലെത്തിക്കുന്നത്. ത്രിതല പഞ്ചായത്തുകൾ അനുവദിച്ച പതിനഞ്ച് ലക്ഷത്തോടൊപ്പം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപകൂടി ചേർത്ത് 30 ലക്ഷം രൂപ മുതൽമുടക്കിലാണ് യൂണിറ്റ് ആരംഭിച്ചിട്ടുള്ളത്. പൊതുപ്രവർത്തകനായ പാറത്തോട് ആന്റണി സംഭാവന നൽകിയ ഒരേക്കർ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ചുനൽകി. കാർഷിക വ്യവസായ സഹകരണസംഘം എന്ന പേരിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ച യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി എം.എം മണി നിർവ്വഹിച്ചു. ഷാജി തുണ്ടത്തിൽ പ്രസിഡന്റും അനില സെക്രട്ടറിയും ടിന്റു സുഭാഷ് വൈസ് പ്രസിഡന്റുമായ സംഘത്തിന്റെ പ്രവർത്തനം പൂർണ്ണമായും ജനപങ്കാളിത്വത്തോടെയാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇടംനേടിയ വയനാട് കൽപ്പറ്റ ആസ്ഥാനമായുള്ള ചക്ക സംസ്‌കരണ യൂണിറ്റിന്റെ ഡയറക്ടർ പത്മിനി ശിവദാസിന്റെ മേൽനോട്ടത്തിൽ 23 തൊഴിലാളികൾക്ക് വിദഗ്ദ്ധ പരിശീലനം നൽകിയിരുന്നു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ജില്ലാ കളക്ട്രേറ്റിൽ നിന്നും കഴിഞ്ഞ മാസം വിരമിച്ച പ്ലാനിംഗ് ഓഫീസർ ഷീലയുടെയും സഹായവും മാർഗ്ഗനിർദേശങ്ങളും സംഘത്തിന് ഗുണകരമായി. കുറഞ്ഞ വില ഈടാക്കിയാണ് വിഭവങ്ങൾ എത്തിക്കുന്നത്.