ഇപ്പോൾ ഉപയോഗരഹിതം
നഗരസഭയിൽ സാമ്പത്തിക ദുർവിനിയോഗമെന്ന് ആക്ഷേപം
കട്ടപ്പന: നഗരസഭ കാര്യാലയത്തിനുസമീപം ബയോ കൺവെർട്ടർ യൂണിറ്റ് സ്ഥാപിക്കാനായി നിർമിച്ച ഒറ്റമുറി കെട്ടിടത്തിനു ചെലവഴിച്ചത് എട്ടുലക്ഷം രൂപ!. പി.എം.എ.വൈ. പദ്ധതിപ്രകാരം മുഴുവൻ സൗകര്യങ്ങളോടും കൂടി ഒരു വീട് നിർമിക്കാൻ ആറു ലക്ഷം രൂപ മാത്രം ചെലവുവരുമ്പോഴാണ് നഗരസഭ സാമ്പത്തിക ദുർവിനിയോഗം നടത്തിയതായി ആക്ഷേപമുയരുന്നത്. ഇവിടെ നിന്നു ബയോ കൺവെർട്ടർ പുളിയൻമലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്കു മാറ്റി സ്ഥാപിച്ചതോടെ കെട്ടിടം ഉപയോഗരഹിതമായി.
നഗരസഭയിലെ മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായികഴിഞ്ഞ സാമ്പത്തിക വർഷമാണ് ബയോ കൺവെർട്ടർ വാങ്ങിയത്. ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കുന്നതിനായി വാങ്ങിയ യൂണിറ്റ് സ്ഥാപിക്കാനായി ഒറ്റമുറി കെട്ടിടം നിർമിക്കാൻ എട്ടുലക്ഷം രൂപയാണ് ചെലവഴിച്ചത്. 300ൽപ്പരം ചതുരശ്ര അടി വിസ്തീർണം മാത്രമുള്ള ചെറിയ കെട്ടിടത്തിനായി വൻതുക ചെലവഴിക്കാൻ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തതായി പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. മാലിന്യ സംസ്‌കരണ പദ്ധതിയുടെ മറവിൽ ലക്ഷണങ്ങളുടെ ക്രമക്കേട് നടന്നതായി ബി.ജെ.പി. കൗൺസിലർ പി.ആർ. രമേഷ് ആരോപിച്ചു. ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
നഗരസഭ കാര്യാലയത്തിനുസമീപം എത്തിച്ച് മാലിന്യം വേർതിരിക്കുമ്പോൾ ദുർഗന്ധം വമിക്കുന്നതായുള്ള കാരണത്തെ തുടർന്നാണ് ബയോ കൺവെർട്ടർ ഇവിടെ നിന്നു മാറ്റാൻ തീരുമാനിച്ചത്. ബുധനാഴ്ച വൈകിട്ടോടെ പുളിയൻമലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഇതു മാറ്റി സ്ഥാപിച്ചു. നിലവിൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്താനുള്ള വഴിവിളക്കുകളും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാമെന്നാണ് അധികൃതരുടെ വിശദീകരണം.