മൂലമറ്റം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി തൂങ്ങി മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. മൂലമറ്റം എടാട് കൊല്ലക്കൊമ്പിൽ നിതിനാണ്‌ (21) അറസ്റ്റിലായത്. ഫെബ്രുവരി 18 നായിരുന്നു മൂലമറ്റം സ്വദേശിയായ ബാലിക തൂങ്ങിമരിച്ചത്. മൂലമറ്റത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന നിതിൻ ബാലികയുമായി അടുപ്പത്തിലായിരുന്നു. കൂടാതെ പ്രതി ബാലികയുടെ വീട്ടിൽ സഹായിയായി താമസിച്ചിരുന്നു. ഇതിനിടെ വിവാഹ വാഗ്ദാനം നൽകി നിതിൻ പെൺകുട്ടിയുമായി നിരവധി തവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പെൺകുട്ടി പീഡനത്തിനിരിയായതായി കണ്ടെത്തിയിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് നിതിനുമായുള്ള അടുപ്പം പൊലീസ് അറിയുന്നത്. ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച്ച ഇയാളെ ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും ഫോട്ടോ അടക്കമുള്ള ഒട്ടേറെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മാതാവിൽ നിന്നു പലതവണ ഇയാൾ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. തുടർന്ന് അറസ്റ്റ് രേഖപ്പെടത്തി തെളിവെടുപ്പും മെഡിക്കൽ പരിശോധനയും നടത്തി. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാഞ്ഞാർ സിഐ വി.വി.അനിൽകുമാർ, എസ്.ഐ കെ.സിനോദ്, എഎസ്‌ഐ സജി.പി.ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജു ജോർജ് എന്നിവരാണ് അന്വേഷണം നടത്തിയത്.