കട്ടപ്പന: ജോലി ചെയ്യുന്ന സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കരുതലൊരുക്കി അദ്ധ്യാപിക പ്രഷിസൽ കുര്യൻ. ഇരട്ടയാർ നാലുമുക്ക് ഗവ. ഹൈസ്‌കൂളിലെ നിർധന വിദ്യാർഥികൾക്കാണ് 500 രൂപ മുടക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തത്. ലോക്ക് ഡൗൺ കാലയളവിൽ സ്‌കൂളിലെ നിരവധി കുട്ടികളുടെ കുടുംബങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അറിഞ്ഞ, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കൂടിയായ അദ്ധ്യാപിക രണ്ടുമാസത്തെ വേതനം ഇവർക്കായി മാറ്റിവയ്ക്കുകയായിരുന്നു. അരി, പയർ, റവ, പഞ്ചസാര, സോപ്പ്, എണ്ണ, തേയിലപ്പൊടി തുടങ്ങി 17ൽപ്പരം നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായി തയ്യാറാക്കി. ഇന്നലെ ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പലസമയങ്ങളിലായി മാതാപിതാക്കൾ സ്‌കൂളിലെത്തി കിറ്റ് കൈപ്പറ്റി. ജില്ലാ പഞ്ചായത്ത് അംഗം നിർമല നന്ദകുമാർ, പി.ടി.എ പ്രസിഡന്റ് വി.എസ്. ശശി, എം.പി.ടി.എ. പ്രസിഡന്റ് ലിസി സന്തോഷ്, ത്രേസ്യാമ്മ കുര്യൻ, അധ്യാപകരായ അഭിജിത്ത് വിജയൻ, അലൻ ജോസ്, ബെസി ജേക്കബ്, പി. അമ്പിളി എന്നിവർ പങ്കെടുത്തു.