കട്ടപ്പന: പുളിയൻമലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ബയോ കൺവെർട്ടർ യൂണിറ്റ് സ്ഥാപിച്ചു. മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ അപാകതകൾ 15 ദിവസത്തിനകം പരിഹരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകിയതിനു പിന്നാലെയാണ് ബുധനാഴ്ച വൈകിട്ടോടെ യൂണിറ്റ് പ്രവർത്തനക്ഷമമാക്കിയത്. നഗരസഭ കാര്യാലയത്തിനു സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന കൺവെർട്ടർ തിങ്കളാഴ്ച ലോറിയിൽ പുളിയൻമലയിലെത്തിച്ചപ്പോൾ വാർഡ് കൗൺസിലർ എം.സി. ബിജുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു. ചൊവ്വാഴ്ച വിഷയം ചർച്ച ചെയ്യാനായി ചേർന്ന നഗരസഭ കൗൺസിൽ യോഗവും ബഹളത്തിൽ കലാശിച്ചു. തുടർന്ന് ബുധനാഴ്ച ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടുന്ന സംഘം സന്ദർശിച്ചപ്പോൾ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ചില അപാകതകൾ കണ്ടെത്തിയിരുന്നു. തുടർന്ന് നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നു ഉറപ്പുനൽകി.