തൊടുപുഴ: 'സ്വകാര്യബസുകൾ ആശാന്റെ നെഞ്ചത്തും കെ.എസ്.ആർ.ടി.സി കളരിക്ക് പുറത്തും." ജില്ലയിലെ ബസ് സർവീസിനെക്കുറിച്ച് ചുരുക്കി ഇങ്ങനെ പറയാം. ലോക്ക്‌‌‌ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി സർക്കാർ ബസ് സർവീസുകൾ പുനരാരംഭിച്ചെങ്കിലും ബസ് യാത്ര ജനങ്ങൾക്ക് ദുരിതമായി മാറുകയാണ്. സ്വകാര്യ ബസുകൾ ഒരു മാനദണ്ഡവും പാലിക്കാതെ യാത്രക്കാരെ കുത്തിനിറച്ച് പായുമ്പോൾ, കെ.എസ്.ആർ.ടി.സിയാകട്ടെ സീറ്റുകൾ ഒഴിവുണ്ടായാലും സ്റ്റോപ്പുകളിൽ പോലും നിറുത്താൻ തയ്യാറാകുന്നില്ല. ലോക്ക്‌‌ഡൗൺ ഇളവുകൾ വന്ന സമയത്ത് ഉണ്ടായിരുന്ന ജാഗ്രതയും മുൻകരുതലുകളുമൊന്നും ഇന്ന് പല സ്വകാര്യ ബസുകളിലും കാണാനില്ല. യാത്രക്കാരെ നിറുത്തി ഓടരുതെന്ന് ഉത്തരവുണ്ടെങ്കിലും പലയിടങ്ങളിലും നിറുത്തിയാണ് സർവീസ് ആരംഭിക്കുന്നത് പോലും. യാത്രക്കാരിലും ജാഗ്രതകുറവ് പ്രകടമാണ്. സർക്കാർ- സ്വകാര്യ ഓഫീസുകൾ പൂർണമായി പ്രവർത്തനം ആരംഭിച്ചതോടെ സമയത്ത് എത്തിച്ചേരുകയെന്നതിന് മുൻഗണന കൊടുക്കുമ്പോൾ പലരും സുരക്ഷയുടെ കാര്യം അവഗണിക്കുന്നു. അവസരം മുതലാക്കി പരമാവധി യാത്രക്കാരെ കയറ്റി ലാഭമുണ്ടാക്കാനുള്ള ശ്രമത്തിലാണ് പല സ്വകാര്യ ബസുകളും. ഇതുവരെ പൊലീസോ മോട്ടോർവാഹനവകുപ്പോ കുത്തിനിറച്ച് യാത്ര ചെയ്യുന്ന ഒരു ബസ് പോലും ഇതുവരെ പിടിച്ചിട്ടില്ല.

അതേസമയം ഇതിന് നേർവിപരീതമാണ് കെ.എസ്.ആർ.ടി.സി ബസുകൾ. ഒന്നോ രണ്ടോ സീറ്റ് കാലിയായാലും മിക്ക സ്റ്റോപ്പുകളിലും ഇവർ ബസ് നിറുത്താൻ പോലും തയ്യാറാകുന്നില്ല. നിരവധി യാത്രക്കാർ മണിക്കൂറുകളോളം കാത്തിരുന്നിട്ടും സ്റ്റോപ്പിൽ നിറുത്താതെ പോകുന്നതിൽ യാത്രക്കാർ ക്ഷുഭിതരാണ്. രാവിലെ 8.30ന് മൂന്നാറിൽ നിന്ന് തൊടുപുഴയ്ക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിനെക്കുറിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. സ്റ്റാൻഡുകളിൽ പോലും കയറാതെയാണ് ബസ് സർവീസ് നടത്തുന്നതെന്നാണ് ആക്ഷേപം. സർക്കാർ ജീവനക്കാരടക്കം വളരെയധികം ബുദ്ധിമുട്ടിയാണ് ജോലിക്ക് പോകുന്നത്. എന്നാൽ തിരക്കുള്ള സ്റ്റോപ്പിൽ നിറുത്തിയാൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാനാകാതെ വരുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. ഇത്തരം റൂട്ടുകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുമില്ല. ഇതിന് പരിഹാരം കാണാൻ രാവിലെയും വൈകിട്ടുമെങ്കിലും കൂടുതൽ ബസുകൾ കെ.എസ്.ആർ.ടി.സി സർവീസ് നടത്തണമെന്നാണ് ആവശ്യം.

മുൻകരുതലൊക്കെ പഴങ്കഥ

ബസുകളിൽ യാത്രക്കാർക്ക് സാനിറ്റൈസർ നൽകുന്ന രീതിയൊക്കെ പഴങ്കഥയായി. കൊവിഡ് മാനദണ്ഡമനുസരിച്ച് കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളിലൊന്നും സാനിറ്റൈസര്‍ സ്ഥാപിച്ചിട്ടില്ല. കയറാനുള്ളവര്‍ക്ക് പിന്‍വാതിലും ഇറങ്ങാനുള്ളവര്‍ക്ക് മുന്‍വാതിലും എന്ന നിര്‍ദേശവും പാലിക്കുന്നില്ല. ഓരോ ട്രിപ്പിന് ശേഷവും ഇരിപ്പിടങ്ങളും യാത്രക്കാര്‍ കൈപിടിക്കുന്ന കമ്പികളും അണുവിമുക്തമാക്കണമെന്നും നിര്‍ദേശമുണ്ടെങ്കിലും പാലിക്കുന്നില്ല.

'സ്വകാര്യ ബസുകൾ യാത്രക്കാരെ കുത്തിനിറച്ച് പോകുന്നത് തടയാൻ നടപടി സ്വീകരിക്കും. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും."

നസീർ (ജോയിന്റ് ആർ.ടി.ഒ)​