15ന് സർവ്വേ നടപടികൾ ആരംഭിക്കും
ഇടുക്കി: കരിമണ്ണൂർ ഭൂമിപതിവ് ഓഫീസിന് കീഴിലുള്ള വണ്ണപ്പുറം, ഉടുമ്പന്നൂർ, വെള്ളിയാമറ്റം, അറക്കുളം, നെയ്യാശ്ശേരി എന്നീ വില്ലേജുകളിൽപ്പെട്ട 15000 ൽപ്പരം കൈവശക്കാർക്ക് പട്ടയം നൽകും.
കരിമണ്ണൂർ ഭൂമി പതിവ് സ്‌പെഷ്യൽ ഓഫീസിന്റെ പരിധിയിലുള്ള പ്രദേശങ്ങളിലെ വനം വകുപ്പിന്റെ ജണ്ടക്കു പുറത്തുള്ളതും സംയുക്ത പരിശോധനാ ലിസ്റ്റിൽ ഉൾപ്പെടാത്തതും 1971 ഓഗസ്റ്റ് ഒന്നിന് മുമ്പ് കുടിയേറ്റത്തിന് വിധേയമായിട്ടുള്ളതുമായ ഭൂമി പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് ഉൾപ്പെടെയുള്ള കൈവശക്കാർക്ക് 1964ലെ ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി പതിച്ച് നൽകുന്നതിന് കരിമണ്ണൂർ സ്‌പെഷ്യൽ തഹസീൽദാരെ അധികാരപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഇതിന്റെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കലക്ടറേറ്റിൽ ചേർന്ന ജില്ലാതല യോഗത്തിലാണ് തീരുമാനമായത്.
വണ്ണപ്പുറം, ഉടുമ്പന്നൂർ, വെള്ളിയാമറ്റം, അറക്കുളം, നെയ്യാശ്ശേരി വില്ലേജുകളിൽ വിവിധ ഭാഗങ്ങളിലായി നിരവധി കൈവശ ഭൂമികൾ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പതിവിന് യോഗ്യമായിട്ടുള്ളതിനാൽ സംയുക്ത പരിശോധനാലിസ്റ്റിൽ ഉൾപ്പെടാത്ത കൈവശഭൂമികൾ ഓരോന്നും സർവ്വെ ചെയ്ത് തിട്ടപ്പെടുത്തുന്ന മുറക്ക് പതിവ് നടപടികൾ സ്വീകരിക്കും. പതിവിന് യോഗ്യരായ കൈവശക്കാർ വിവിധ വില്ലേജുകളുടെ വിവിധ ഭാഗങ്ങളിലായി കിടക്കുന്നതിനാൽ പട്ടയ നടപടികളുടെ സുതാര്യവും സുഗമവുമായ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഒരു വില്ലേജ് തെരഞ്ഞെടുത്ത് ബ്ലോക്ക് തിരിച്ച് പതിവ് നടപടികൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ ഉടുമ്പന്നൂർ വില്ലേജിലാണ് പതിവ് നടപടികൾ ആരംഭിക്കുന്നത്. നടപടികളുടെ മേൽനോട്ടവും ഏകോപനവും ഇടുക്കി റവന്യൂ ഡിവിഷണൽ ഓഫീസർ നിർവ്വഹിക്കും. തുടക്കം കുറിച്ചുകൊണ്ട് 15ന് രാവിലെ 10.30ന് ഉടുമ്പന്നൂർ പഞ്ചായത്ത് ഹാളിൽ ഡെപ്യൂട്ടി കലക്ടർ (എൽ.എ) യുടെ അദ്ധ്യയക്ഷതയിൽ യോഗം ചേർന്ന് സർവ്വെ നടപടികൾ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.