ഇടുക്കി: ഉടുമ്പൻചോല, ദേവികുളം, പീരുമേട് മേഖലകളിലെ ഏലത്തോട്ടങ്ങളിൽ തമിഴ്‌നാട്ടിൽ നിന്ന് ദൈനംദിന പാസ് നൽകി തൊഴിലാളികളെ ജോലിക്കെത്തിക്കുന്നത് ഗുരുതരമായ കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതായി കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് ആരോപിച്ചു. തമിഴ്‌നാട്ടിലും കേരളാ അതിർത്തി പ്രദേശങ്ങളായ കമ്പം, തേനി തുടങ്ങിയ പ്രദേശങ്ങളിൽ കൊവിഡ് - 19 വ്യാപകമായി പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. ഈ പ്രദേശങ്ങളിൽ നിന്നും യാതൊരുവിധ ഉൾകരുതലുകളുമില്ലാതെ വാഹനങ്ങളിൽ തോട്ടം തൊഴിലാളികളെ കേരളത്തിലേക്കെത്തിക്കുകയും അതതു ദിവസം തന്നെ വൈകിട്ട് അവരെ തിരികെ കൊണ്ടുപോകുകയും ചെയ്യുന്നു. വാഹന ഡ്രൈവർമാർ സമീപ പ്രദേശങ്ങളിൽ കടകളിലും മറ്റും കഴിച്ചു കൂട്ടുക നിത്യസംഭവമാണ്. ഇത് കൊവിഡ് വ്യാപനത്തിനു കാരണമാകുമെന്ന് ജനങ്ങൾക്ക് ആശങ്കയുണ്ട്. തമിഴ്‌നാട്ടിൽ നിന്നെത്തുന്നവർക്ക് കരുതലും നിയന്ത്രണവും അത്യാവശ്യമാണ്. ഇവരെ നിരീക്ഷണത്തിൽ എങ്കിലും നിറുത്താൻ സർക്കാർ അടിയന്തരമായി ഇടപെടണം. തൊഴിലാളികളെയും വാഹന ഡ്രൈവർമാരെയും തോട്ടങ്ങളിൽ നിന്ന് പുറത്തയക്കുന്നത് തടയണം. അവർക്ക് ആവശ്യമായ ഭക്ഷണവും താമസസൗകര്യവും തോട്ടങ്ങളിൽ ഏർപ്പെടത്താൻ തയ്യാറാകണം. ഈ വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണം. ഗൗരവമുള്ള ഈ വിഷയം ചർച്ച ചെയ്യാൻ അതിർത്തി പഞ്ചായത്തുകളിൽ സർവ്വകക്ഷി യോഗം വിളിക്കണമെന്നും ജേക്കബ് ആവശ്യപ്പെട്ടു.