ddd
ദേവികുളം താലൂക്കിൽ നിന്ന് പരാതിക്കാരൻ ഓൺലൈനായി ജില്ലാകളക്ടറോട് സംസാരിക്കുന്നു.

ഇടുക്കി : മാറ്റിവച്ച ദേവികുളം താലൂക്ക് അദാലത്തിൽ വീഡിയോ കോൺഫറൻസിലൂടെ പരാതി പരിഹാരവുമായി ജില്ലാകളക്ടർ എച്ച്.ദിനേശൻ.
ദേവികുളം താലൂക്കിൽ 27 പരാതികൾ പരിഗണിച്ചു. അദാലത്തിൽ നേരിട്ട് ലഭിച്ച ഏഴ് പരാതികളിൽ തുടർ നടപടികൾക്കായി കൈമാറി. രണ്ടാഴ്ചക്കുള്ളിൽ നടപടികൾ പൂർത്തികരിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അദാലത്തിൽ ദേവികുളം താലൂക്കിൽ നിന്ന് 51 പരാതികളാണ് ആകെ ലഭിച്ചത്. ഇതിൽ 44 എണ്ണം ഓൺലൈൻ മുഖേനയും 7 പരാതികൾ നേരിട്ടുമാണ് ലഭിച്ചത്. ഇതിൽ 27 പരാതിക്കാർ മാത്രമാണ് അദാലത്തിൽ പങ്കെടുത്തത്. പരാതിക്കാർ എത്താതിരുന്ന 24 പരാതികളും പുതുതായി ലഭിക്കുന്ന പരാതികളോടൊപ്പം അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. റവന്യു വകുപ്പുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികൾ ലഭിച്ചത്. റവന്യുവകുപ്പുമായി ബന്ധപ്പെട്ട് 19 പരാതികളും, പഞ്ചായത്ത് 6, തൊഴിൽ വകുപ്പും, കൃഷി വകുപ്പുമായി ബന്ധപ്പെട്ട് ഒരോ പരാതികൾ വീതവുമാണ് ലഭിച്ചത്. പരാതിക്കാർ ദേവികുളം താലൂക്ക് ഓഫീസിലും കളക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പൈനാവ് കളക്ടറേറ്റിൽ നിന്നുമാണ് വീഡീയോ കോൺഫറൻസിലൂടെ അദാലത്തിൽ പങ്കെടുത്തത്. അസിസ്റ്റന്റ് കളക്ടർ സൂരജ് ഷാജി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി കുര്യാക്കോസ്, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ കളക്ട്രേറ്റിൽ നിന്നും തഹസിൽദാർ ജിജി എം കുന്നപ്പള്ളിൽ ദേവികുളം താലൂക്കാഫീസിൽ നിന്നും അദാലത്തിന് നേതൃത്വം നൽകി.