തൊടുപുഴ: മണ്ണിട്ട് നിലം നികത്താനുള്ള ശ്രമം പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു. അരിക്കുഴ പാറക്കടവിൽ സ്വകാര്യ വ്യക്തിയുടെ ഭൂമി മണ്ണിട്ടു നികത്താനുള്ള ശ്രമമാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് തടഞ്ഞത്. മണ്ണുമാന്തി യന്ത്രം പിടിച്ചെടുക്കുകയും റവന്യൂ അധികൃതർ നിലം നികത്തലിന് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇവിടെ മണ്ണിട്ടു നിലം നികത്തുന്നുവെന്ന് തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിൽ നിന്ന് മൂവാറ്റുപുഴ പൊലീസിനു വിവരം നൽകുകയായിരുന്നു. എന്നാൽ ഇവർ സ്ഥലത്തെത്തിയപ്പോൾ പ്രദേശം തൊടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നറിഞ്ഞ് ഇവർക്ക് വിവരം കൈമാറി. എസ്‌.ഐ സി.കെ. രാജുവിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സ്ഥലത്തു നിന്ന് മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്ത് ജിയോളജി വകുപ്പിന് കൈമാറി. കളക്ടറുടെ നിർദേശ പ്രകാരം മണക്കാട് വില്ലേജ് ഓഫീസർ മനുപ്രസാദിന്റെ നേതൃത്വത്തിൽ റവന്യൂ സംഘവും സ്ഥലത്തെത്തി. ഇവിടെ പത്തോളം ലോഡ് മണ്ണടിച്ചിരുന്നു. തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലമുടമയ്ക്ക് പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാനായി സ്റ്റോപ്പ്‌മെമ്മോ നൽകി. നികത്താൻ ശ്രമിച്ച ഭൂമി ലാൻഡ് ബാങ്ക് രേഖയിൽ 15 വർഷമായി കൺവർട്ടഡ് ലാന്റാണെങ്കിലും റവന്യൂ വകുപ്പിന്റെ കണക്കിൽ പാടമാണെന്നും അധികൃതർ പറഞ്ഞു. ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കളക്ടർക്കും തഹസിൽദാർക്കും നൽകിയെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.