തൊടുപുഴ: ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ നാല് പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ജൂൺ ഒന്നിന് അബുദാബിയിൽ നിന്ന് വിമാനമാർഗമെത്തിയ കൊക്കയാർ സ്വദേശിയായ 35കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാൾ വണ്ടിപ്പെരിയാറിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ഇന്നലെയാണ് പരിശോധന ഫലം വന്നത്. തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയി. പാമ്പാടുംപാറ സ്വദേശിയായ 32കാരി, 34കാരനായ ദേവികുളം സ്വദേശി, 35കാരിയായ പീരുമേട് സ്വദേശിനി, തൊടുപുഴ നെടിയശാല സ്വദേശിയായ 34കാരൻ എന്നിവർക്ക് ഇന്നലെ രോഗം ഭേദമായി. കുവൈത്തിൽ നിന്നെത്തിയ ഇവർ നാല് പേർക്കും ജൂൺ ഒന്നിനാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരുടെ തുടർ പരിശോധന ഫലങ്ങൾ നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടു. ഇവിടെ ഇനി ഒരാൾ മാത്രമാണ് ചികിത്സയിലുള്ളത്. മറ്റെല്ലാവരും ചെറുതോണിയിലെ ജില്ലാ ആശുപത്രിയിലാണ്.

ഹോട്ട്സ്പോട്ടിൽ നിന്ന് മോചനം
ഉടുമ്പൻചോല പഞ്ചായത്തിലെ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ (ഹോട്ട്‌ സ്‌പോട്ട്) നിന്ന് ഒഴിവാക്കി. ഈ വാർഡുകളിൽ നിലവിലുണ്ടായിരുന്ന കർശന നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ പൊതുവായ നിയന്ത്രണങ്ങൾ തുടരും.ഇതോടെ ഇടുക്കി കണ്ടെയിൻമെന്റ് മേഖലകൾ ഇല്ലാത്ത ജില്ലയായി.