തൊടുപുഴ: തമിഴ്‌നാട്ടിൽ നിന്ന് അനധികൃതമായെത്തിയ തമിഴ്തൊഴിലാളിയെ നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് വീട്ടിൽ നിരീക്ഷണത്തിലാക്കി. തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം തുണി തേക്കുന്ന ജോലി ചെയ്യുന്ന 37 കാരനെയാണ് 14 ദിവസത്തെ നിരീക്ഷണത്തിലാക്കിയത്. ബോഡിനായ്ക്കന്നൂർ സ്വദേശിയായ ഇയാൾ കഴിഞ്ഞ മാർച്ചിൽ നാട്ടിലേക്കു പോയിരുന്നു. ലോക്ക്‌ഡൗണിൽ ഇളവു വരുത്തിയെങ്കിലും തമിഴ്‌നാട്ടിൽ രോഗ വ്യാപനം കൂടുതലായതിനാൽ തിരികെ മടങ്ങാൻ കഴിയാതെ വന്നു. ഇതിനിടെ തുണി തേയ്ക്കാൻ കൊടുത്തിരുന്നവർ പതിവായി വിളിച്ചു തുടങ്ങിയതോടെ ഇയാൾ തിരികെ മടങ്ങി. ബോഡി നായ്ക്കന്നൂരിൽ നിന്ന് ഏലത്തോട്ടം തൊഴിലാളികളെ എത്തിക്കുന്ന വാഹനത്തിൽ നെടുങ്കണ്ടത്തെത്തി. ഇവിടെ നിന്ന് കട്ടപ്പന വഴി കഴിഞ്ഞ ദിവസം തൊടുപുഴയിലെത്തുകയായിരുന്നു. ഇയാൾ എത്തിയ വിവരം താമസിക്കുന്ന കെട്ടിടത്തിനു സമീപത്തുള്ളവർ അറിഞ്ഞതോടെ ഇവർ വിവരം ആരോഗ്യവകുപ്പിനെയും പൊലീസിനെയും അറിയിച്ചു. ഇവരെത്തി പരിശോധന നടത്തിയപ്പോൾ അതിർത്തിയിൽ ആരോഗ്യ പരിശോധന നടത്തിയതിന്റെ രേഖകൾ കൈയിലുണ്ടായിരുന്നില്ല. തുടർന്നാണ് അനധികൃതമായി കടന്നു വരികയായിരുന്നെന്ന് വ്യക്തമായത്. ഇതോടെ താമസ സ്ഥലത്ത് നിരീക്ഷണത്തിലാക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരായ സുഹൃത്തുക്കൾ ഇയാൾക്ക് പാചകവാതക സിലിണ്ടറും അവശ്യസാധനങ്ങളും എത്തിച്ചു നൽകി. നിരീക്ഷണ സമയത്ത് തുണി തേച്ചു നൽകരുതെന്നും നേരത്തെ തേയ്ക്കാനായി നൽകിയ തുണികൾ ഇപ്പോൾ തിരികെ നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്.