cover

സംഭവം വാഴത്തോപ്പ് പഞ്ചായത്തിൽ

60 രൂപയ്ക്ക് ലഭിക്കുന്ന കൈയ്യുറ 190 രൂപ

സാനിട്ടൈസറിന് വിലയിട്ടത് 146 രൂപ

ചെറുതോണി: കൊവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങി പഞ്ചായത്ത് ഫണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തട്ടിയെടുത്തതായി പരാതി. വാഴത്തോപ്പ് പഞ്ചായത്തിൽ ഒരാഴ്ച മുമ്പ് സാനിട്ടൈസറും അനുബന്ധ സാധനങ്ങളും വാങ്ങിയതിനാലാണ് അഴിമതി കണ്ടെത്തിയത്. എസൻഷ്യൽ കമ്യൂണിറ്റി ആക്ട് പ്രകാരം സർക്കാർ വില നിശ്ചയിച്ചതിൽ ഇരട്ടിയിലധികം തുകയ്ക്കാണ് ഇവ വാങ്ങിയത്. സാധനങ്ങൾ വാങ്ങുന്നതിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളൊന്നും പാലിക്കാതെ രഹസ്യ സ്വഭാവത്തിലാണ് ഇടപാടുകൾ നടത്തിയിട്ടുള്ളത്. സാനിട്ടൈസർ 100 രൂപയിൽ കൂടുതൽ വിലയ്ക്ക് വിൽക്കരുതെന്ന് സർക്കാർ ഇത്തരവിറക്കിയിട്ടുണ്ട്. എന്നാൽ വാഴത്തോപ്പ് പഞ്ചായത്ത് 146 രൂപ വിലയ്ക്കാണ് 300 കുപ്പി സാനിട്ടൈസർ വാങ്ങിയത്. മാർക്കറ്റിൽ 60 രൂപയ്ക്ക് ലഭിക്കുന്ന കൈയ്യുറ 190 രൂപ വിലയ്ക്കാണ് വാങ്ങിയിട്ടുള്ളത്. ഇതിൽ എം.ആർ.പി എഴുതിയിട്ടില്ല. വില രേഖപ്പെടുത്താതെ സാധനങ്ങൾ വിൽക്കരുതെന്ന് സർക്കാർ ഉത്തരവുള്ളതാണ്. ഇത്തരത്തിൽ സാനിട്ടൈസറും അനുബന്ധ സാധനങ്ങളും വാങ്ങിയതിൽ 148500 രൂപ നൽകി. പഞ്ചായത്തിൽ വാങ്ങിയ സാധനങ്ങൾ റീട്ടൈൽ വിലയ്ക്ക് 45000 രൂപയ്ക്ക് ലഭിക്കുമെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത് കൊട്ടേഷൻ വഴി ഹോൾസെയിൽ വിലയ്ക്ക് വാങ്ങിയാൽ ഇതിലും വില കുറയും. സാനിട്ടൈസർ വാങ്ങിയതിൽ ഒരു ലക്ഷം രൂപയുടെ അഴിമതിയാണ് നടത്തിയിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തുകളിൽ സാധനങ്ങൾ വിതരണം നടത്തുന്ന വ്യാജ ഏജൻസിയാണ് സാധനങ്ങൾ വിതരണം ചെയ്തത്. ഉദ്യോഗസ്ഥരും കരാറുകാരനും ചേർന്നാണ് തട്ടിപ്പു നടത്തിയതെന്നാണ് പരാതി. സമാനമായ രീതിയിൽ ചില റ് പഞ്ചായത്തുകളിലും ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടന്നാണ് സൂചന. പ്രതിരോധ പ്രവർത്തനങ്ങളുടെ മറവിൽ നടത്തിയ തട്ടിപ്പുകളെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഒരു വിഭാഗം മെമ്പറന്മാർ ആവശ്യപ്പെട്ടു.