ചെറുതോണി: മണിയാറൻകുടിയിലെ യാത്രാ ക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരത്തിലേയ്ക്ക്. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിന്‌ ശേഷം മണിയാറൻകുടിയിലേയ്ക്ക് ഇതുവരെയും ബസ് സർവീസ് ആരംഭിച്ചിട്ടില്ല. ഇതുമൂലം നൂറുകണക്കിന് യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. മണിയാറൻകുടിയിൽ നിന്ന് തടിയമ്പാട്, ചെറുതോണി തുടങ്ങിയ ടൗണുകളിലെത്തിയ ശേഷമേ മറ്റ് സ്ഥലങ്ങളിലേയ്ക്ക് പോകാൻ കഴിയൂ. മണിയാറൻകുടി, പെരുങ്കാല, പകിട്ടാൻ, വട്ടമേട് തുടങ്ങിയ പ്രദേശങ്ങളിലായി അഞ്ഞൂറിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ ആദിവാസി മേഖലയിൽ നുറുകണക്കിന് ആദിവാസി കുടുംബങ്ങളുമുണ്ട്. കുടുതൽപേരും പാവപ്പെട്ടവരും കർഷകരുമാണ്. വാഹനങ്ങളുള്ളവർ വളരെ കുറവാണ്. എല്ലാവരും ബസിനെയാണ് ആശ്രയിച്ചിരിക്കുന്നത്. സാമൂഹിക അകലത്തിന്റെ പേരിൽ ആട്ടോറിക്ഷകളിൽ കൂടുതലാളുകളെ കയറ്റാത്തതും യാത്രാക്ലേശം രൂക്ഷമാക്കി. മുൻകാലങ്ങളിൽ ആട്ടോറിക്ഷകളും ജീപ്പുകളും ട്രിപ്പ് നടത്തിയിരുന്നു. ലോക്ഡൗണിന് ശേഷം ട്രിപ്പ് അടിക്കാൻ അധികൃതർ അനുവദിക്കുന്നില്ല. രണ്ടുപേരിൽ കൂടുതൽ ആട്ടോറിക്ഷയിൽ കയറ്റാത്തതുമൂലമാണ് ട്രിപ്പ് നടത്താത്തത്. വട്ടമേട് നിന്ന് ചെറുതോണിയ്ക്ക് 180 രൂപയാണ് ആട്ടോറിക്ഷ ചാർജ്. മണിയാറൻകുടിയിൽ നിന്ന് 150 രൂപയുമാണ് ഈടാക്കുന്നത്. സാധാരണക്കാർക്ക് ഇത് താങ്ങാനാകില്ല. ലോക് ഡൗണിന് മുമ്പും ഒരു ട്രാൻസ്‌പോർട്ട് ബസും ഒരു സ്വകാര്യ ബസും സർവീസ് നടത്തിയിരുന്നതാണ്. രണ്ടു ബസുകളും ചേർന്ന് ആറ് ട്രിപ്പ്‌ സർവീസ് നടത്തിയിരുന്നു. മണിയാറൻകുടിയിൽ സർക്കാർ വക വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളും ലക്ഷം കവലയിൽ പ്രാഥമികാരോഗ്യകേന്ദ്രവുമുണ്ട്. ഇവിടെയെത്താനും രോഗികളും വിദ്യാർത്ഥികളും ബുദ്ധിമുട്ടുകയാണ്. സ്വകാര്യ ബസ് സർവ്വീസ് നടത്തുന്നില്ലങ്കിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളെങ്കിലും അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ബസുകൾ അനുവദിക്കാത്തപക്ഷം സർവ്വകക്ഷി നേതൃത്വത്തിൽ വഴിതടയലുൾപ്പെടെയുള്ള സമരങ്ങൾ നടത്തുമെന്ന് നാട്ടുകാരറിയിച്ചു.