ചെറുതോണി: സ്വകാര്യ മൊബൈൽ കമ്പനി റോഡിൽ മെറ്റലും മണലും ഇറക്കിയിട്ടിരിക്കുന്നതിനാൽ വാഹനങ്ങളും കാൽനടയാത്രക്കാരും ബുദ്ധിമുട്ടുന്നു. ചെറുതോണിമണിയാറൻകുടി റോഡിൽ വഞ്ചിക്കവല ശ്രീ ധർമ ശാസ്താക്ഷേത്രത്തിന് മുൻവശത്താണ് മെറ്റലും മണലും യാത്രക്കാർക്ക് തടസമായി ഇറക്കിയിട്ടിരിക്കുന്നത്. സദാ സമയവും വാഹനങ്ങളും യാത്രക്കാരുമുള്ള റോഡാണിത്. മെറ്റലും മണലും ഇറക്കിയിട്ടിരിക്കുന്നത് വളവിലുമാണ്. മെറ്റലും മണലും മഴയത്ത് ഒലിച്ചിറങ്ങി ചിതറിക്കിടക്കുന്നതിനാൽ ബൈക്ക് ഉൾപ്പെടെയുള്ള ചെറു വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. ടാറിട്ട റോഡിൽ മെറ്റലും പൊടി മണലും നിരന്ന് കിടക്കുന്നതിനാൽ ബ്രേക്ക് ചെയ്യുന്ന ബൈക്കുകൾ തെന്നിമാറി മറിഞ്ഞ് അപകടമുണ്ടാകുന്നുണ്ട്. റോഡ് ടാറിംഗ് നടത്തിയശേഷം റോഡ് കുത്തിപ്പൊളിക്കുന്നതും വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. റോഡിലെ വളവിൽ അപകടകരമായ വിധത്തിൽ ഇറക്കിയിട്ടിരിക്കുന്ന മെറ്റലും മണലും മാറ്റുന്നതിന് നടപടിയെടുത്തില്ലങ്കിൽ വമ്പിച്ച ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് നാട്ടുകാരറിയിച്ചു.