തൊടുപുഴ: കൊവിഡ്- 19 പശ്ചാത്തലത്തിൽ നിശ്ചലമായിപ്പോയ കാർഷികരംഗം പുനരുജ്ജീവിപ്പിക്കാൻ ജില്ലയ്ക്ക് പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെന്ന് ഡി.സി.സി നേതൃയോഗം ആവശ്യപ്പെട്ടു. ഏലം, തേയില, കുരുമുളക്, കാപ്പി തുടങ്ങി എല്ലാ വിളകളും കൃഷി ചെയ്യുന്നവർ വലിയ പ്രതിസന്ധിയിലാണ്. ഉത്പന്നങ്ങളുടെ വില ലഭ്യത ഉറപ്പാക്കാൻ സർക്കാർ ഏജൻസികൾ സംഭരണം നടത്തണമെന്നും ഏലം ലേലം കുറ്റമറ്റതാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് സംയുംക്ത ബ്ലോക്ക് നേതൃത്വ യോഗങ്ങൾ ഇന്ന് രാവിലെ 11ന് നെടുങ്കണ്ടം കോൺഗ്രസ് ഹൗസിലും രണ്ടിന് പീരുമേട് എൻ.ജി.ഒ അസോസിയേഷൻ ഹാളിലും 16ന് ഉച്ചകഴിഞ്ഞ് 2.30ന് ഇടുക്കി ഡി.സി.സി. ഓഫീസിലും നാലിന് തൊടുപുഴ രാജീവ് ഭവനിലും ചേരും. 17ന് രാവിലെ 11ന് അടിമാലി കോൺഗ്രസ് ഹൗസിലും യോഗം ചേരും. 17ന് ജില്ലയിലെ മുഴുവൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളും 19ന് മുഴുവൻ വാർഡ് കോൺഗ്രസ് കമ്മിറ്റികളും യോഗം ചേരും. അമിത വൈദ്യുതി ബില്ലിനെതിരെ 16ന് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ രാവിലെ 10.30 ന് പ്രതിഷേധ ധർണ നടത്തും. 17ന് യു.ഡി.എഫ് നേതൃത്വത്തിൽ രാത്രി ഒമ്പതിന് വീടുകളിലെ വൈദ്യുതി വിളക്കുകൾ അണച്ച് മൂന്ന് മിനിട്ട് പ്രതിഷേധിക്കും. 19ന് വൈകിട്ട് അഞ്ചിന് സ്വന്തം വീടുകൾക്ക് മുമ്പിൽ വൈദ്യുതി ബിൽ കത്തിച്ച് കോൺഗ്രസ് ആഭിമുഖ്യത്തിൽ വീട്ടമ്മമാർ പ്രതിഷേധിക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ
ടോമി കല്ലാനി, റോയി കെ. പൗലോസ്, എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി, യുഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ എന്നിവർ പ്രസംഗിച്ചു.