കട്ടപ്പന: വഴിത്തർക്കം പരിഹരിക്കാനെത്തിയ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി ഉൾപ്പെടുന്ന സംഘം വയോധികയെ മർദിച്ചതായി പരാതി. വെങ്ങാലൂർക്കട മിഷൻകോളനി കൊട്ടാരത്തിൽ സീതാലക്ഷ്മി(68) യാണ് മർദനമേറ്റതായി കട്ടപ്പന പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ വി.ആർ. ശശി, തോപ്പിൽ ബിനോയി, പുളിക്കൽ തോമസ് എന്നിവർക്കെതിരെ കേസെടുത്തു. മിഷൻകവലപുളിക്കൽപ്പടി മണ്ണ് റോഡുമായി ബന്ധപ്പെട്ട് രണ്ടു വിഭാഗങ്ങൾ തമ്മിൽ മേഖലയിൽ തർക്കം നിലനിന്നിരുന്നു. ഇതു സംബന്ധിച്ച് നാട്ടുകാർ കളക്ടർക്ക് നൽകിയ പരാതിയിൽ പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടുന്ന സംഘം റോഡിനോടു ചേർന്നുള്ള വേലി പൊളിച്ചുനീക്കുന്നതിനിടെ വീട്ടിലുണ്ടായിരുന്ന സീതാലക്ഷ്മി സ്ഥലത്തെത്തി വിവരം തിരക്കി. തുടർന്ന് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പിടിച്ചുതള്ളിയെന്നാണ് പരാതി. ഹൃദ്രോഗികൂടിയായ വയോധികയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പരാതി വ്യാജമാണെന്നു പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി പറഞ്ഞു. പഞ്ചായത്ത്‌വക വസ്തു വേലി കെട്ടി കൈയേറിയത് പൊളിച്ചുനീക്കുകയായിരുന്നു. ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.