ഇടുക്കി: മൂന്നാറിൽ സർക്കാർ ഭൂമി കൈയേറാൻ ഒത്താശ ചെയ്ത നാല് ഉദ്യോഗസ്ഥരെ കൂടി ജില്ലാ കളക്ടർ സസ്‌പെന്റ് ചെയ്തു. കെ.ഡി.എച്ച് വില്ലേജിലെ സെക്ടർ ഓഫീസർമാരായിരുന്ന പി. പ്രീത, ഇ.പി. ജോർജ്ജ്, ഓഫീസ് അസിസ്റ്റന്റ് ആർ. ഗോപകുമാർ, വില്ലേജ് അസിസ്റ്റന്റ് ആർ. സ്റ്റീഫൻ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. റവന്യൂ രേഖകളിൽ കൃത്രിമം കാട്ടി കൈയേറ്റത്തിന് ഒത്താശ ചെയ്‌തെന്ന സ്‌പെഷ്യൽ തഹസിൽ ദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി തഹസിൽദാർ ടി. സനിൽകുമാറിനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. കെ.ഡി.എച്ച് വില്ലേജിൽ സർവേ നമ്പർ 20/1ൽ പെട്ട സ്ഥലം സ്വകാര്യ വ്യക്തി കൈയേറി കെട്ടിടം നിർമ്മിച്ചിരുന്നു. ദേവികുളം ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റിന് സമീപത്തായിട്ടുള്ള സ്ഥലം ലൈഫ് പദ്ധതിയിൽ വീട് നിർമിക്കുന്നതിന് മാറ്റിയിട്ടിരിക്കുന്നതാണ്. റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കൈയേറ്റവും ഉദ്യോഗസ്ഥർ രേഖകളിൽ കൃത്രിമം നടത്തിയതും കണ്ടെത്തിയത്. ഇത്
സംബന്ധിച്ച് സ്‌പെഷ്യൽ തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. അന്വേഷണത്തിൽ ദേവികുളം സ്വദേശി മണിയുടെ ഭാര്യയുടെ
പേരിൽ ഡെപ്യൂട്ടി തഹസിൽദാർ സാക്ഷ്യപത്രം നൽകിയതായും കണ്ടെത്തി. ഡെപ്യൂട്ടി തഹസിൽദാർക്കും മറ്റ് ജീവനക്കാർക്കുമെതിരെ നിയമ നടപടി
സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ എച്ച്. ദിനേശൻ നടപടിയെടുത്തത്.