കാഞ്ഞാർ: കുടയത്തൂർ പഞ്ചായത്തിന്റെ പരിധിയിലുള്ള കോളപ്ര, കുടയത്തൂർ പാലങ്ങളിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തന രഹിതമായതോടെ പാലത്തിലെത്തുന്ന വാഹന യാത്രികർ തമ്മിൽ വാക്കേറ്റമുണ്ടാകുന്നത് നിത്യ സംഭവമാകുന്നു. വീതി കുറവുള്ള രണ്ട് പാലങ്ങളിലൂടെയും വാഹനങ്ങളുടെ സുഗമമായ ഗതാഗതത്തിന് വേണ്ടിയാണ് ലക്ഷങ്ങൾ ചെലവഴിച്ച് വർഷങ്ങൾക്ക് മുമ്പ് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. എന്നാൽ മിക്ക സമയങ്ങളിലും സിഗ്നൽ ലൈറ്റ് പ്രവർത്ത നരഹിതമാണ്. വീതി കുറവുള്ള പാലത്തിലെ ഇരുവശങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് എതിർ ദിശയിലൂടെ വാഹനങ്ങൾ പാലത്തിലൂടെ കടന്ന് വരുന്നത് പരസ്പരം കാണാൻ സാധിക്കില്ല. ഇതിന് പരിഹാരമായിട്ടാണ് പാലത്തിന്റെ മദ്ധ്യഭാഗത്ത് ലൈറ്റ് സ്ഥാപിച്ചത്. സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്തതിനാൽ ഇരുവശങ്ങളിൽ നിന്നും ഒരേ സമയം എത്തുന്ന വാഹനങ്ങളിൽ ഏതെങ്കിലും ഒരു വാഹനം പിന്നോട്ട് എടുത്തെങ്കിൽ മാത്രമേ എതിർദിശയിൽ നിന്നും വന്ന വാഹനത്തിന് കടന്നു പോകാൻ കഴിയൂ. ഇതിന് ഇരുകൂട്ടരും പലപ്പോഴും തയ്യാറാകാതെ വരുന്നതാണ് തർക്കത്തിന് വഴിവയ്ക്കുന്നത്. ഡ്രൈവർമാർ മാത്രമല്ല വാഹനങ്ങളിലുള്ള യാത്രക്കാരും പ്രശ്നത്തിൽ ഇടപെടുന്നതോടെ വാക്കേറ്റം രൂക്ഷമാകും. നിലവാരമില്ലാത്ത സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനാലാണ് അടിക്കടി കേടാകുന്നത്. നിലവാരമുള്ള ലൈറ്റുകൾ സ്ഥാപിച്ച് പാലത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.