തൊടുപുഴ: മൂന്നാറിനെ വന്യജീവി ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിയോടും വനം മന്ത്രിയോടും ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ കാലഘട്ടത്തിൽ പട്ടാപ്പകൽ പോലും കാട്ടാനകൾ മൂന്നാർ ടൗണിൽ ഇറങ്ങി കടകൾ തകർക്കുകയും പഴവും പച്ചക്കറികളും ഭക്ഷിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ എം.പി, എം.എൽ.എ, സബ്‌കളക്ടർ എന്നിവരുടെ സാന്നിധ്യത്തിൽ മൂന്നാറിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനങ്ങൾ അറിയിച്ചുകൊണ്ട് എം.പി അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. കാട്ടാനകൾ ടൗണിൽ ഇറങ്ങുന്നത് പതിവായതിനാൽ വനാതിർത്തിയോട് ചേർന്ന് ക്രാഷ് ഗാർഡ് ഫെൻസിങ് നിർമ്മിച്ച് മൂന്നാറിനെ രക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കാട്ടാനകൾ തകർത്ത കടയുടമകൾക്ക് നഷ്ടപരിഹാരം നൽകണം. ജനസാന്നിധ്യം കുറവുള്ള സമയങ്ങളിൽ വന്യമൃഗങ്ങളുടെ കാടിറക്കം കൂടുന്നതിനാൽ കടകൾ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. തൊഴിലാളികളുടെ പച്ചക്കറി ഫലവർഗ ചെടികൾ ആനകൾ നശിപ്പിച്ചതിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ മന്ത്രിതല യോഗം ഉടൻ വിളിച്ചുകൂട്ടണമെന്നും ഡീൻ ആവശ്യപ്പെട്ടു.