തൊടുപുഴ: ചണച്ചാക്ക് കൊണ്ടൊരു യമണ്ടൻ 'തടാക'മൊരുങ്ങുകയാണ് പുറപ്പുഴയിൽ പി.ജെ. ജോസഫ് എം.എൽ.എയുടെ പുരയിടത്തിൽ. കൃഷി ജലസേചനത്തിനും മൽസ്യക്കൃഷിയ്ക്കുമായാണ് 40മീറ്റർ നീളവും 20 മീറ്റർ വീതിയും 15 അടി ആഴവുമുള്ള കുളം നിർമ്മിക്കുന്നത്. തടാകത്തിന്റെ മാതൃകയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ 'ഫാം പോണ്ട്' എം.എൽ.എയുടെ മകൻ അപു ജോസഫിന്റെ ഭാവനയാണ്. ഇതിന്റെ നിർമ്മാണത്തിനായി 2,000 ചണച്ചാക്കുകളും 170 ചാക്ക് സിമന്റുമാണ് ആവശ്യമായി വരികയെന്നാണ് കരുതുന്നത്. തടാകത്തിന്റെ 60% ജോലി പൂർത്തിയായി. കൊറോണയും മഴയുമൊക്കെയായി ഏപ്രിലിൽ തുടങ്ങാനിരുന്ന നിർമ്മാണം ഒരു മാസം വൈകി. അതിനിടെ കുളത്തിൽ ഉറവപൊട്ടിയതോടെ കോൺക്രീറ്റിംഗ് വേണ്ടിവന്നു. ഇത് അപ്രതീക്ഷിതമായ ചെലവുണ്ടാക്കിയെന്ന് അപുജോസഫ് പറഞ്ഞു. 20 വർഷം മുമ്പ് ഇവിടെ ഒരു പടുതാക്കുളം ഉണ്ടാക്കിയിരുന്നു. അത് നാശോന്മുഖമായി അവശേഷിക്കുകയായിരുന്നു. അതിനിടെയാണ് ഹരിതകേരളം മിഷന്റെ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ജി.എസ്. മധുവിൽ നിന്ന് ചണച്ചാക്ക് കുളങ്ങളെപ്പറ്റി അറിഞ്ഞത്. ഇദ്ദേഹത്തിന്റെ വീട്ടിലെ 20 അടി നീളവും 10 അടി വീതിയും അഞ്ച് അടി ആഴവുമുള്ള ചണച്ചാക്ക് കുളവും കണ്ടു. തുടർന്ന് കൃഷിയും മത്സ്യ കൃഷിയും മുന്നിൽക്കണ്ട് ചണച്ചാക്കുകൾ കൊണ്ടൊരു പരീക്ഷണം നടത്താൻ തീരുമാനിക്കുകയായിരുന്നെന്ന് അപുജോസഫ് പറഞ്ഞു. ചണച്ചാക്ക് വാട്ടർ ടാങ്കുകളെ സംസ്ഥാനത്തിന് പരിചയപ്പെടുത്തിയ വയനാട് അമ്പലവയൽ കൃഷിവിജ്ഞാൻ കേന്ദ്രയുടെ ചുമതല വഹിക്കുന്ന കാർഷിക സർവ്വകലാശാലാ പ്രൊഫ. പി. രാജേന്ദ്രന്റെ സാങ്കേതിക ഉപദേശത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. ഈ തടാകത്തിൽ കേജ് കൾച്ചറിംഗ് മാതൃകയിൽ 5000 തിലോപ്യയെ വളർത്താനാണ് അപുവിന്റെ പരിപാടി. സാധാരണ കോൺക്രീറ്റ് കുളങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ അമണ്ടൻ തടാകത്തിന്റെ നിർമ്മാണച്ചെലവ് തുലോം കുറവാണെന്നും അപു പറയുന്നു. ജില്ലയിലെയെന്നല്ല സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ചണച്ചാക്ക് കുളമാണ് ഇതെന്നാണ് അറിവെന്ന് ഹരിതകേരളം ജില്ലാ- കോർഡിനേറ്റർ പറഞ്ഞു.