തൊടുപുഴ : സർക്കാർ ആശുപത്രികളിലൂടെ ജനങ്ങൾക്ക് ലഭ്യമാകുന്ന പഞ്ചകർമ്മം ഉൾപ്പടെയുള്ള ആയുർവേദ ചികിത്സാക്രമങ്ങൾ പൊതുജനങ്ങൾക്ക് നിഷേധിക്കരുതെന്ന് കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസ്സോസിയേഷൻ.ആയുഷ് സെക്രട്ടറിയുടെ അപ്രായോഗികമായ ഉത്തരവ് മൂലം ആയുർവേദ ആശുപത്രികളുടെ പ്രവർത്തനം തടസ്സം നേരിടുകയും ജനങ്ങൾക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യവുമാണ്. കൊവിഡ്സുരക്ഷാ മുൻകരുതലോടെ ആയുർവേദ ആശുപത്രികളിലെ ചികിത്സാ ക്രമങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് അസ്സോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇത്തരം ചികിത്സാ ക്രമങ്ങൾ ആയുർവേദത്തിൽ രോഗ ചികിത്സയ്ക്കും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും ഉപയോഗിക്കുന്ന സാഹചര്യത്തിൽ ആയുഷ് സെക്രട്ടറിയുടെ അപ്രായോഗിക ഉത്തരവ് പിൻവലിക്കണമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
അസോസിയേഷൻ ജില്ലാ യോഗം സംസ്ഥാന പ്രസിഡന്റ് ആർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: വി.ജെ. സെബി മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് ഡോ.കെ.എസ്.സിംല അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ: എം.എസ്.നൗഷാദ്, ഓഡിറ്റർ ഡോ: എസ്.ഷൈൻ, ജില്ലാ സെക്രട്ടറി ഡോ: ജിനേഷ് ജെ മേനോൻ, ഡോ: കെ.കെ.ജീന, ഡോ: ആൻസി തോമസ്, ഡോ: വി.കെ.രഹിന, ഡോ: എ.ആശ, ഡോ: ലിലി ജേക്കബ്, ഡോ: മീരാദേവി ആർ എന്നിവർ പ്രസംഗിച്ചു.