ഇടുക്കി: രണ്ട് ദിവസത്തിനിടെ അഞ്ച് രാജ്യങ്ങളിൽ നിന്നായി 42 പ്രവാസികൾ കൂടി ജില്ലയിലെത്തി. 29 പുരുഷന്മാരും 13 സ്ത്രീകളുമാണ് കൊച്ചി, കോഴിക്കോട് എയർപോർട്ടുകൾ വഴി നാട്ടിലെത്തിയത്. എല്ലാവരെയും ആരോഗ്യ പരിശോധനകൾക്ക് ശേഷം വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിലാക്കി. കുവൈറ്റിൽ നിന്ന് മൂന്ന് സ്ത്രീകളും 21 പുരുഷൻമാരുമടക്കം 24 പേരാണെത്തിയത്. ഇവരിൽ ഒരാളെ മണക്കാടും നാല് പേരെ കട്ടപ്പനയിലുമുള്ള സ്വകാര്യ ലോഡ്ജിലെ പെയ്ഡ് ക്വാറന്റൈൻ സെന്ററിലുമാക്കി. ബാക്കിയുള്ളവരെ വീടുകളിലും നിരീക്ഷണത്തിലാക്കി. സൗദി അറേബ്യയിൽ നിന്ന് രണ്ട് പുരുഷൻമാരും ഏഴ് സ്ത്രീകളുമടക്കം ഒമ്പത് പേരാണെത്തിയത്. ഇവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ദുബായിൽ നിന്ന് കോഴിക്കോട് എയർപോർട്ട് വഴി മൂന്ന് സ്ത്രീകളാണെത്തിയത്. ഇവരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി. ഖത്തറിൽ നിന്ന് നാല് പുരുഷൻമാരാണെത്തിയത്. ഇവരെ വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിപിച്ചു. അൾജീരിയയിൽ നിന്ന് രണ്ട് പുരുഷൻമാരാണെത്തിയത്. ഇവരിൽ ഒരാളെ വീട്ടിലും അടുത്തയാളെ എറണാകുളത്തെ ക്വാറന്റൈൻ സെന്ററിലും നിരീക്ഷണത്തിൽ പാർപ്പിച്ചു.