 ഏറെനാളുകൾക്ക് ശേഷം സമ്പർക്കത്തിലൂടെ രോഗം  ഒരാൾക്ക് രോഗമുക്തി


തൊടുപുഴ: അഞ്ച് വയസുകാരിക്കടക്കം നാല് പേർക്ക് കൂടി ജില്ലയിൽ ഇന്നലെ കൊവിഡ്-19 സ്ഥിരീകരിച്ചു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇടുക്കിയിൽ സമ്പർക്കത്തിലൂടെ ഒരു കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു. കുമളി സ്വദേശിയായ അഞ്ചു വയസുകാരിക്കാണ് രോഗബാധ. അന്യസംസ്ഥാനത്ത് നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായ ശേഷം കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച ദന്പതികളുടെ മക്കളിൽ നിന്നാണ് കുട്ടിക്കും രോഗം പകർന്നത്. ഇതടക്കം ആകെ നാലുപേർക്കാണ് ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ 27 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കലയന്താനി ഇളംദേശം സ്വദേശികളായ 63, 62 വയസുള്ള ദമ്പതിമാരും ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ആറിന് സൗദി അറേബ്യയിൽ നിന്ന് വന്ന ഇവരെ രോഗലക്ഷണങ്ങളുണ്ടായിരുന്നതിനാൽ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയായിരുന്നു. നാലിന് മുംബെയിൽ നിന്നെത്തിയ മൂന്നാർ സ്വദേശിയായ 33കാരനാണ് രോഗം ബാധിച്ച മറ്റൊരാൾ. യുവാവ് വീട്ടിൽ തന്നെ നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ചയാണ് പരിശോധന ഫലം വന്നത്. ദമ്പതികൾ തൊടുപുഴ ജില്ലാ ആശുപത്രിയിലും മറ്റുള്ളവർ ഇടുക്കി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ഒരാൾ രോഗമുക്തനാവുകയും ചെയ്തു. മേയ് 22ന് ഡൽഹിയിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ച കാരിക്കോട് സ്വദേശിക്കാണ് രോഗം ഭേദമായത്‌. അതിനിടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 42 പ്രവാസികൾ കൂടി ഇടുക്കിയിലെത്തിയിട്ടുണ്ട്. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് കുമളി വഴി കേരളത്തിലേക്ക് കടക്കുന്നവരുടെ ഒഴുക്കും തുടരുകയാണ്. വെള്ളിയാഴ്ച 288 പേരാണ് അതിർത്തി കടന്നെത്തിയത്. ഇവരെ വീടുകളിൽ തന്നെ നിരീക്ഷണത്തിലാക്കി.