കൊവിഡ് നിബന്ധനകൾ ലംഘിച്ച തമിഴ്‌നാട് മന്ത്രിയുടെ മകളുടെ വിവാഹം വിവാദത്തിൽ
15 മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കം ആയിരങ്ങൾ പങ്കെടുത്തു
മറയൂർ: തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം അമ്പതിനായിരത്തോടടുക്കുമ്പോൾ മന്ത്രിയുടെ മകളുടെ വിവാഹം ആഘോഷമായി നടത്തിയത് വിവാദമായി. തമിഴ്നാട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഉഡുമലൈ കെ. രാധാകൃഷ്ണന്റെ മകൾ ജയപ്രണീതയും പൊള്ളാച്ചി നഗരസഭ മുൻ വൈസ് ചെയർമാൻ ജയകുമാറിന്റെ മകൻ ആദിത്യനും തമ്മിലുള്ള വിവാഹത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. കോലാർപ്പെട്ടി ശ്രീനിവാസപെരുമാൾ ക്ഷേത്രത്തിലായിരുന്നു വിവാഹം.
ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള ചെന്നൈയിൽ നിന്ന് മാത്രം ആയിരത്തിലധികം പേർ വിവാഹത്തിൽ പങ്കെടുത്തു. ജൂൺ 11 മുതൽ ആരംഭിച്ച വിവാഹ ചടങ്ങുകൾ 13നാണ് സമാപിച്ചത്. 50 പേർ മാത്രമേ ചടങ്ങിൽ പങ്കെടുക്കാവൂ എന്ന നിബന്ധനകൾ നിലവിലുണ്ടെങ്കിലും 15 മന്ത്രിമാർ, സംസ്ഥാനത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ, പാർട്ടി നേതാക്കൾ, അണികൾ, ബന്ധുമിത്രാദികൾ എന്നിവർ പങ്കെടുത്തു. ഭൂരിഭാഗം ആളുകളും സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്തില്ല.
വിശാലമായ തെങ്ങിൻ തോപ്പിൽ ലക്ഷങ്ങൾ മുടക്കി വലിയ പന്തലൊരുക്കിയാണ് വിഭവസമൃദ്ധമായ സത്കാരവും മറ്റും നടത്തിയത്. സർക്കാർ ഉദ്യോഗസ്ഥർക്ക് രാവിലെ 10 മുതലും പാർട്ടി നേതാക്കൾക്കും അണികൾക്കും ഉച്ചയ്ക്ക് മൂന്നിനുമായിരുന്നു സത്കാരം. മുന്നൂറിലധികം പൊലീസുകാരും സ്ഥലത്തെത്തിയിരുന്നു.