tza
തൊടുപുഴ മാരിയിൽ പാലത്തിന് താഴെ ആറ്റിലെ തടസ്സങ്ങൾ നീക്കിയപ്പോൾ

ആറ്റിലെ തടസ്സങ്ങൾ നീക്കിത്തുടങ്ങി

ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 24ലക്ഷം അനുവദിച്ചു

തൊടുപുഴ :തൊടുപുഴയാറിന് സുഗമമായി ഒഴുകുന്നതിന് വഴിയൊരുക്കാൻ സർക്കാരിന്റെ ഇടപെടൽ. വിശാലമായി ഒഴുകാൻ തടസ്സമായി നിൽക്കുന്ന ആറിനുള്ളിലെയും ഇരുവശങ്ങളിലെയും തടസ്സങ്ങൾ നീക്കുന്നതിന് 24 ലക്ഷം രൂപയാണ് ജില്ലാദുരന്ത നിവാരണ ഫണ്ടിൽ നിന്നും നൽകിയത്. ഹരിതകേരളത്തിന്റെ പുഴപുനരുജ്ജീവന പരിപാടിയായ "ഇനി ഞാനൊഴുകട്ടെ"യുടെ നടത്തിപ്പിനായി ഒരു ലക്ഷം രൂപയും ഈ ആവശ്യത്തിനായി ചെലവിടാം.പുഴയിലെ ഒഴുക്ക് പലവിധത്തിൽ തടസ്സപ്പെടുന്നത് സമീപ പ്രദേശത്താകെ വെള്ളപ്പൊക്കത്തിന് കാരണമാകാറുണ്ട്.

തടസം നീക്കാൻ ഹിറ്റാച്ചി

തൊടുപുഴയാറിന്റെ മഴക്കാല പൂർവ്വ ശുചീകരണത്തിനും പുനരുജ്ജീവനത്തിനുമായി 50 ലക്ഷം രൂപയുടെ പ്രോജക്ടാണ് മുനിസിപ്പാലിറ്റി ജില്ലാ ദുരന്ത നിവാരണ ഫണ്ടിലേയ്ക്ക് സമർപ്പിച്ചത്. ഏപ്രിലിൽ പത്ത് ദിവസം കൊണ്ട് തൊടുപുഴയെ നല്ല പുഴയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഇതിന്റെ ആദ്യ പടിയെന്ന നിലയിലാണ് 24 ലക്ഷം രൂപ അനുവദിച്ചത്. അതിനിടെ കോവിഡ് ലോക്ക്ഡൗൺ വന്നതോടെ പദ്ധതി തടസ്സപ്പെടുകയായിരുന്നുവെന്ന് മുനിസിപ്പാലിറ്റിയുടെ അസി.എൻജിനീയർ എ എസ് സുദീപ് പറഞ്ഞു. മുനിസിപ്പാലിറ്റിയുടെ പരിധിയിലെ ആറ് കിലോമീറ്ററിലേറെ സ്ഥലത്തിലൂടെയാണ് തൊടുപുഴയാർ ഒഴുകുന്നത്. ബാർജിൽ ഹിറ്റാച്ചി ഘടിപ്പിച്ച് ഒഴുകി നടന്നാണ് ആറിന്റെ ഇരുവശത്തെ തടസ്സങ്ങളും മറ്റും നീക്കുന്നത്.കായലുകളിൽ മാലിന്യനീക്കത്തിനായി ഉപയോഗിക്കുന്ന രീതിയാണ് ഇത്. മൂപ്പിൽകടവ് പാലത്തിൽ നിന്നുമാണ് പണി തുടങ്ങിയത്. എതിർഭാഗത്ത് ഉറുമ്പിപ്പാലം തോടിൽ നിന്ന് ആറ്റിലേയ്ക്കുള്ള ഭാഗത്തെയും തടസ്സങ്ങൾ നീക്കേണ്ടതുണ്ട്. ആറ്റിൽ ഒഴുക്ക് കൂടുതലുള്ളത് തടസ്സം നീക്കുന്നതിനെ ശ്രമകരമാക്കിയിട്ടുണ്ടെന്ന് എ.ഇ. പറഞ്ഞു.

മലങ്കര ഡാം

തുറക്കുന്നതിൽ

നിയന്ത്രണം

മലങ്കര അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിടുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് മുനിസിപ്പാലിറ്റി കത്ത് നൽകിയിരുന്നു.തിങ്കളാഴ്ച മുതൽ വെള്ളം തുറന്നുവിടുന്നത് നിയന്ത്രിക്കുന്നതിന് ക്രമീകരണമുണ്ടാകും.രാവിലെ ആറുമുതൽ വൈകിട്ട് അഞ്ചുവരെ വെള്ളം തുറന്നുവിടുന്നത് ഒഴിവാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകാമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.കാപ്പ് വരെയുള്ള ഭാഗം വരെയാണ് തടസ്സങ്ങൾ നീക്കേണ്ടത്.പെരുമഴ എത്തും മുമ്പേ തടസ്സങ്ങളെല്ലാം നീക്കി തൊടുപുഴയാറിനെ അതിന്റെ വഴിക്ക് വിടാനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം.