വണ്ണപ്പുറം: ആരോഗ്യ വകുപ്പിന്റെ വിവിധ പദ്ധതികൾ പ്രകാരം ജില്ലയിലെ മിക്ക സർക്കാർ ആശുപത്രികളുടേയും ഗ്രേഡ് അടുത്ത നാളിൽ ഉയർത്തിയെങ്കിലും വണ്ണപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തോട് എന്നും അവഗണന തന്നെ . വണ്ണപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രം സാമൂഹ്യ ആരോഗ്യ കേന്ദ്രമായി ഉയർത്തണമെന്നുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വണ്ണപ്പുറം പഞ്ചായത്തിൽ 17 വാർഡുകളിലായി 40, 000 ത്തിൽപരം ജനസംഖ്യയാണുള്ളത്. ഇവിടെയുള്ള ജന വിഭാഗത്തിൽ ഭൂരിഭാഗം ആളുകളും ചികിത്സാ കാര്യങ്ങൾക്ക് ഏറ്റവും കൂടുതലായി ആശ്രയിക്കുന്നതും ഈ സ്ഥാപനത്തെയാണ്. എന്നാൽ ഈ സ്ഥാപനം പി എച്ച് സി ഗ്രേഡിലായതിനാൽ ജനങ്ങൾക്ക് ആവശ്യമായ ചികിത്സ സൗകര്യം ഒരുക്കാൻ സാധിക്കുന്നുമില്ല. ആശുപത്രിയുടെ വികസനത്തിന് അല്ലെങ്കിൽ സി എച്ച് സി ഗ്രേഡിലേക്ക് ഉയർത്തുന്നതിന് സ്ഥാപനത്തിന് സ്വന്തം സ്ഥലം ഇല്ലാത്തതാണ് പ്രധാന പ്രശനമായി അധികൃതർ ചൂണ്ടി കാണിക്കുന്നത്. മുൻപ് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി പഞ്ചായത്ത് നിർമ്മിച്ച് നൽകിയ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് മോഡേറൈസേഷൻ ഓഫ് ഗവണ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി വികസിപ്പിച്ചിരുന്നു. എന്നാൽ തുടർ വികസനത്തിനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുമില്ല.
രോഗികൾ അഞ്ഞൂറിലേറെ
വിവിധ ചികിത്സയ്ക്കായി ദിവസവും 500 ൽപ്പരം രോഗികൾ എത്തുന്ന ആശുപത്രിയിൽ ഒരു ഡോക്ടർ മാത്രമാണ് സ്ഥിരം തസ്തികയിലുള്ളത്. പഞ്ചായത്തും ദേശിയ ഗ്രാമീണ ആരോഗ്യ മിഷനും (എൻ ആർ എച്ച് എം) ഓരോ ഡോക്ടറെ വീതം താത്കാലികമായി നിയമിച്ചിട്ടുണ്ട്.
സ്റ്റാഫ് നഴ്സ്, ഹോസ്പിറ്റൽ അറ്റൻഡർ, നഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികളിലും ജീവനക്കാരുടെ കുറവുണ്ട്. ഇത് സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുമുണ്ട്.
സാമൂഹ്യ ആരോഗ്യ കേന്ദ്രമായി ഉയർത്തിയാൽ എല്ലാ ദിവസവും വൈകിട്ട് 5 വരെ ഒ പിയും കിടത്തി ചികിത്സക്കും സൗകര്യം ഒരുക്കാൻ കഴിയും.
മുന്നിട്ടിറങ്ങേണ്ടത്
പഞ്ചായത്ത്
ആശുപത്രിയുടെ വികസനത്തിന് വണ്ണപ്പുറം പഞ്ചായത്ത് നടപടികൾ സ്വീകരിക്കുന്നില്ല എന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി ( എച്ച് എം സി) യിലെ ഏതാനും അംഗങ്ങൾ ആരോപിക്കുന്നു. സ്ഥാപനത്തിന്റെ വികസനത്തിനാവശ്യമായ ഒരേക്കറിൽ കുറയാത്ത സ്ഥലം ലഭ്യമാക്കാൻ പഞ്ചായത്താണ് മുന്നിട്ടിറങ്ങേണ്ടത്. സ്ഥലം ലഭ്യമാകുന്നതിനനുസരിച്ച് കൂടുതൽ സൗകര്യം ഒരുക്കാൻ സംസ്ഥാന സർക്കാരിന്റെ കിഫ്‌ബി പോലുള്ള സ്ഥാപനങ്ങൾ തയ്യാറുമാണ്. എന്നാൽ വല്ലപ്പോഴും എച്ച് എം സി കൂടുന്നതല്ലാതെ ആശുപത്രിയുടെ വികസനത്തിന് ഒരു നടപടികളും ആവുന്നില്ല എന്നും ചില എച്ച് എം സി അംഗങ്ങൾ ആരോപിക്കുന്നു.