കുമളി: ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിൽ കൊവിഡ് സെക്കൻഡറി കോൺടാക്ടിന്റെ പശ്ചാത്തലത്തിൽ കർശന ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവു പുറപ്പെടുവിച്ചു.

വാർഡിൽ വളരെ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങാൻ പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാൽ നിർബന്ധമായും മുഖാവരണം ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും മറ്റ് വ്യക്തി സുരക്ഷാ മാനദണ്ഡങ്ങൾ .കർശനമായി പാലിക്കേണ്ടതുമാണ്.

വാർഡിലേക്കും, പുറത്തേക്കും അവശ്യ സർവ്വീസുകൾക്കായി നിശ്ചിത റോഡുകളിലൂടെ മാത്രം ഗതാഗതം അനുവദിക്കും.മറ്റ് റോഡുകൾ പൂർണ്ണമായി അടച്ചിടും.അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഉൾപ്പെടെയുള്ളവ തുറന്നു പ്രവർത്തിക്കാൻ പാടില്ല.

അവശ്യ വസ്തുക്കൾ, ആവശ്യമുള്ളവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നൽകുന്നതിനുള്ള നടപടികൾ, സന്നദ്ധ സംഘടനാ പ്രവർത്തകരുടെ സേവനം വിനിയോഗിച്ച്, നിർവ്വഹിക്കുന്നതിന് കുമളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.ഈ ആവശ്യത്തിലേക്ക് മാത്രമായി ആവശ്യമെങ്കിൽ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കടകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് അനുവാദം നൽകി.

മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ എന്നിവ തുറന്ന് പ്രവർത്തിക്കാം.ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവ തുറന്നു പ്രവർത്തിക്കുവാൻ പാടില്ല.സാമൂഹിക അടുക്കളകൾക്ക് തുടർന്നും പ്രവർത്തിക്കാവുന്നതാണ്.
കൺടെയിൻമെന്റ് മേഖലയിൽ കൊവിഡ് 19 മായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഫയർആന്റ് റസ്‌ക്യൂ, സിവിൽ സപ്ലൈസ്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയുടെ ഓഫീസുകളിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള ജീവനക്കാരെ മാത്രം ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്.പൊതുമേഖലാ/ഷെഡ്യൂൾഡ്/സഹകരണ ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ പരമാവധി 50 ശതമാനം ജീവനക്കാരെ മാത്രം നിയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്.