തൊടുപുഴ: പഞ്ചായത്ത് വകുപ്പിലെ രാഷ്ടീയ പ്രേരിത സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കണമെന്നും പെർഫോർമൻസ് ഓഡിറ്റ് യൂണിറ്റുകൾ നിർത്തലാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും ആവശ്യപ്പെട്ട് എൻ.ജി.ഒ. അസ്സോസിയേഷൻ തൊടുപുഴ വെസ്റ്റ് ബ്രാഞ്ച് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് വകുപ്പിൽ എല്ലാമാസവും കണക്കുകൾ പരിശോധിക്കുന്നതിനുള്ള പെർഫോർമൻസ് ഓഡിറ്റ് യൂണിറ്റുകൾ നിർത്തലാക്കുന്നതിനേ കുറിച്ച് പഠിക്കുന്നതിനായി പഞ്ചായത്ത് പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയെ നിയമിക്കുകയും തൊടുപുഴ ഡെപ്യൂട്ടി ഡയറക്ടറേറ്റിനു കീഴിൽ മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റങ്ങൾ വ്യപകമാവുകയും ചെയ്തിട്ടുള്ള സാഹചര്യത്തിലുമാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് നിർത്തലാക്കുന്നത് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സജീവമായ പഞ്ചായത്ത് ജീവനക്കാരുടെ പ്രൊമോഷൻ ഉൾപ്പെടെയുള്ള ആനുകുല്യങ്ങൾ വൈകിക്കുന്നതിനും കാരണമാകും. തൊടുപുഴ മേഖലയിലെ പഞ്ചായത്തുകളിൽ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റങ്ങൾ നടത്തുന്ന നടപടിയെ യോഗം അപലപിച്ചു. കോവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എൻ. ജി. ഒ അസോസിയേഷൻ തൊടുപുഴ വെസ്റ്റ് ബ്രാഞ്ചിലെ എല്ലാ പഞ്ചായത്തുകളിലും നടത്തിയ പ്രതിഷേധ പരിപാടികൾക്ക് നേതാക്കളായ വിൻസന്റ് തോമസ്, . ദിപു പി.യു., അലക്‌സാണ്ടർ ജോസഫ്, അജനാസ് റഹിം, ജസൽ, ജോസ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.