tafik

മുട്ടം:അതിരൂക്ഷമായ ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടുകയാണ് മുട്ടം ടൗൺ. ടൗണിലാകമാനം റോഡിന്റെ രണ്ട് വശങ്ങളിലുമായി അനധികൃതമായ വാഹന പാർക്കിങ്ങാണ് അതിരൂക്ഷമായ ഗതാഗതകുരുക്കിന്റെ പ്രധാന കാരണം. മുട്ടം ടൗൺ മുതൽ കോടതികവല, ഗവണ്മെന്റ് ആശുപത്രി ജങ്ങ്ഷൻ, മൂലമറ്റം റൂട്ടിൽ കടുതോടിൽ സൂപ്പർ മാർക്കറ്റ് വരെയും റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായ വാഹന പാർക്കിങ്ങ് പതിവാണ്. ചിലയവസരങ്ങളിൽ രാവിലെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ രാത്രിയിലാണ് ഇവിടെ നിന്ന് കൊണ്ടുപോകുന്നതും. അനധികൃത വാഹന പാർക്കിങ്ങ് കാരണത്താൽ മുട്ടം ടൗണിലുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾക്ക് പ്രവേശിക്കാനും കഴിയുന്നില്ലെന്ന് വ്യാപാരികളും പറയുന്നു. പൊലീസ് സ്റ്റേഷന് മുന്നിലുള്ള റോഡിന്റെ വശങ്ങളിൽ വളവിലായി അപകടകരമായ രീതിയിൽ അനധികൃത വാഹന പാർക്കിങ്ങ് നിരോധിച്ച് പൊലീസ് ട്രാഫിക്ക് കോൺണർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനിടയിലൂടെ തിക്കി തിരക്കിയാണ് ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.

ആംബുലൻസ് റോഡിൽ കുരുങ്ങി

മൂലമറ്റത്ത് നിന്ന് രോഗിയുമായി തൊടുപുഴക്ക് വന്ന ആംബുലൻസ് ഇന്നലെ വൈകിട്ട് 4 ന് മുട്ടം ഫെഡറൽ ബാങ്കിന് മുന്നിൽ ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. ആംബുലൻസിന്റെ എതിർ ദിശയിൽ വന്ന വാഹനങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയാതെ ഫെഡറൽ ബാങ്കിന് മുന്നിൽ റോഡിന്റെ ഇരു വശങ്ങളിലും വാഹനനങ്ങൾ അനധികൃതമായി പാർക്ക് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഉച്ചത്തിൽ ഹോൺ മുഴക്കി കടന്ന് വന്ന ആംബുലൻസ് മുന്നോട്ട് പോകാൻ കഴിയാതെ റോഡിൽ കുരുങ്ങിയത്. എന്നാൽ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൃത്യ സമയത്തെ ഇടപെടലിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കി ആംബുലൻസിന് കടന്ന് പോകാൻ വഴി ഒരുക്കി. ഫെഡറൽ ബാങ്കിന് മുന്നിൽ റോഡിന്റെ ഇരുവശങ്ങളിലുമായി അനധികൃത വാഹന പാർക്കിങ്ങ് പതിവാണ്. ഇക്കാരണത്താൽ മിക്ക സമയങ്ങളിലും ഇവിടെ ഗതാഗതകുരുക്കും പതിവാണ്.