ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ 30 കൊവിഡ് രോഗികൾ
തൊടുപുഴ: ആശങ്കയുടെ ഗ്രാഫ് വാനോളമുയർത്തി ഇടുക്കിയിൽ രണ്ടാഴ്ചക്കിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 30 ആയി. അതിർത്തി വഴി കടന്നെത്തുന്നവർക്ക് അനിയന്ത്രിതമായി പാസ് നൽകുന്നതാണ് രോഗ ബാധ വർദ്ധിക്കുന്നതിന് കാരണമെന്ന് ആക്ഷേപമുണ്ട്. തമിഴ്‌നാട്ടിലെ ഹോട്ട്സ്‌പോട്ടുകളിൽ നിന്ന് ദിവസവും നൂറുകണക്കിന് ആളുകളാണ് ജില്ലയിലേക്ക് എത്തുന്നതെന്നും വിമർശനമുണ്ട്. സമ്പർക്കത്തിലൂടെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കുമളി പഞ്ചായത്തിലെ 14-ാം വാർഡ് ഇപ്പോൾ ഹോട്ട്‌സ്‌പോട്ടാണ്. അതേസമയം ഒരാഴ്ചയായി രോഗ മുക്തി നേടുന്നവരുടെ എണ്ണത്തിലും വർദ്ധയുണ്ടെന്നത് ആശ്വാസകരമാണ്. മാർച്ച് 14നാണ് ജില്ലയിലെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. മൂന്നാറിൽ വിനോദ സഞ്ചരത്തിനെത്തിയ ബ്രിട്ടീഷ് പൗരനായിരുന്നു ആദ്യ രോഗി. പിന്നീട് പൊതുപ്രവർത്തകനടക്കം 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ജാഗ്രയോടെ പ്രവർത്തിച്ചപ്പോൾ ഏപ്രിൽ ആദ്യം വാരം തന്നെ ജില്ല കൊവിഡ് മുക്തമായി. എന്നാൽ രോഗം രണ്ടാമതുമെത്തി. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ പലരുടെയും സമ്പർക്കപ്പട്ടിക വലുതായിരുന്നു. എങ്കിലും അതും ഇടുക്കി അതിജീവിച്ചു. മൂന്നാംഘട്ടം വളരെ സാവധാനമാണ് ഇടുക്കിയിൽ തുടങ്ങിയത്. ജൂൺ ഒന്ന് വരെ രോഗം സ്ഥിരീകരിച്ചത് ഒമ്പത് പേർക്ക് മാത്രം. എന്നാൽ, മൂന്നിന് ഒമ്പത് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പിന്നീട് ഇടവിട്ട ദിവസങ്ങളിൽ നാലും മൂന്നും കേസുകൾ വീതം റിപോർട്ട് ചെയ്തു. ഇതുവരെ 65 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 38 പേർ രോഗമുക്തരായി. ഇപ്പോൾ രോഗബാധിതരായി ചികിത്സയിലുള്ളത് 27 പേരാണ്. ഇതിലൊരാൾ മഞ്ചേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.
'മറ്റിടങ്ങളെ അപേക്ഷിച്ച് ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവില്ല. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്കാണ് രോഗ ബാധ കണ്ടെത്തുന്നത്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കുറവാണ്. ജില്ലയിൽ രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്."
-എച്ച്. ദിനേശൻ ( ഇടുക്കി ജില്ലാ കളക്ടർ)
ഒരു വയസുകാരിയടക്കം രണ്ട് പേർക്ക് കൊവിഡ്
ഒരു വയസിൽ താഴെ പ്രായമുള്ള പെൺകുഞ്ഞടക്കം രണ്ട് പേർക്ക് കൂടി ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. സൗദിയിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയവെ ശനിയാഴ്ച രോഗം സ്ഥിരീകരിച്ച ദമ്പതിമാരുടെ കൊച്ചുമകളുടെയും ഹൈദ്രബാദിൽ നിന്നെത്തിയ പെരുവന്താനം സ്വദേശിയായ ഡോക്ടറിന്റെയും ഫലമാണ് പോസിറ്റീവായത്. ഇന്നലെ ആർക്കും രോഗമുക്തിയില്ല. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം ജൂൺ ആറിനാണ് കുട്ടി, സൗദിയിൽ നിന്ന് കലയന്താനിയിലെ വീട്ടിലെത്തിയത്. ഇവിടെ നിരീക്ഷണത്തിൽ കഴിയവെ ദമ്പതിമാർക്ക് രോഗലക്ഷണങ്ങളുണ്ടായി. തുടർന്ന് മൂവരെയും തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സ്രവപരിശോധനയിൽ മുത്തച്ഛനും മുത്തശ്ശിക്കും രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും കുഞ്ഞിന്റെ ഫലത്തിൽ സംശയമുണ്ടായി. തുടർന്ന് വീണ്ടും കുഞ്ഞിന്റെ സ്രവം ശേഖരിച്ച് പരിശോധിക്കുകയായിരുന്നു. കുഞ്ഞിന്റെ അച്ഛന് സൗദിയിൽ വെച്ച് രോഗം സ്ഥിരീകരിച്ചിരുന്നു. പെരുവന്താനം സ്വദേശിയായ 32 കാരൻ ഹൈദരബാദിൽ നിന്ന് എട്ടാം തീയതിയാണ് എത്തിയത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.