കാഞ്ഞാർ: പണം തട്ടിപ്പ് നടത്തിയതിന് കാഞ്ഞാറിൽ വാടകയ്ക്ക് താമസിക്കുന്നരണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഇടക്കുന്നുമേൽ സൗമ്യ (33) അറക്കുളം കൊച്ചാനിമൂട്ടിൽ സരസമ്മ (66) എന്നിവരെയാണ് കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തത്. പാവങ്ങൾക്ക് വീട്, പെൻഷൻ, ജോലി, പെൺമക്കളുടെ വിവാഹത്തിന് 30 പവൻ സ്വർണ്ണം എന്നിവ കൊടുക്കാമെന്ന് വാഗ്ദാനം നൽകി 30 ലക്ഷത്തോളം രൂപ പലരിൽ നിന്നായി തട്ടിയെടുത്തതായാണ് കേസ്.2019 ഫെബ്രുവരി മുതൽ മേയ് വരെയുള്ള കാലയളവിലാണ് പണം തട്ടിയത്. ഇവരുടെ കൂട്ട് പ്രതി ഏലിയാമ്മ ഒളിവിലാണ് .സാധുക്കളെ സഹായിക്കാൻ വേണ്ടിയാണ് പണം വാങ്ങുന്നതെന്നും അമേരിക്കയിലുള്ള ഒരു സ്ത്രീ പലിശ സഹിതം പണം തിരിച്ച് തരുമെന്നും പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു . പരാതിക്കാർ കാഞ്ഞാർ പൊലീസിന് മാസങ്ങൾക്ക് മുമ്പ് പരാതി കൊടുക്കുകയും ഇതേ തുടർന്ന് പണം കൈപ്പറ്റിയവരെ സ്റ്റേഷനിൽ വിളിപ്പിച്ച് കാലാവധി ചോദിച്ചതിൻ്റെ പേരിൽ പല തവണ അവധി കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ അംഗീകരിച്ച പല അവധികൾക്കും പണം കൊടുക്കാൻ അവർ തയ്യാറായില്ല. അമേരിക്കയിലെ 'മാഡത്തി'ൻ്റെ പേര് വെളിപ്പെടുത്താനോ കോൺടാക്ട് നമ്പർ കൊടുക്കാനോ ഇവർ തയ്യാറായുമില്ല. പല ആൾക്കാരേയും മദ്ധ്യസ്ഥരായി ഏർപ്പെടുത്തിയിട്ടും പണം കൊടുക്കാതെ വന്നതിനെ തുടർന്ന് കാഞ്ഞാർ പൊലീസ് ഇന്നലെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ റിമാൻ്റ് ചെയ്തു. കാഞ്ഞാർ സിഐ വി.വി. അനിൽകുമാർ, എസ് ഐ സജി പി.ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മഞ്ജു തങ്കപ്പൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ പേർ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന സംശയത്താൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു.