കുമളി: തമിഴ്‌നാട്ടിൽ നിന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലേക്ക് വരാൻ വൺ ടൈം പാസ് നൽകരുതെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് എത്തുന്നവർ റെഡ് സോണിൽ നിന്നോ ഹോട്ട് സ്‌പോട്ടിൽ നിന്നോ എത്തുന്നവരാണന്നോ അറിയാൻ മാർഗമില്ല. കേരളത്തിലെ ഏലയ്ക്ക വ്യാപാര സ്ഥാപനങ്ങളിലും കീടനാശിനി കടകളിലും എത്തുന്നവരെ കുറിച്ച് ആരോഗ്യ വകുപ്പിനോ പഞ്ചായത്തിനോ അറിയാൻ സാധിക്കില്ല. ഇത് സമൂഹ വ്യാപനത്തിന് ഇടവരുത്തും. അതിർത്തി ചെക് പോസ്റ്റുകൾ വഴി ദിവസവും നൂറ് കണക്കിന് ആളുകളാണ് ഇത്തരത്തിൽ പാസ് വാങ്ങി കടന്നു വരുന്നത്. ഏലയ്ക്കാ ലേലത്തിന് എത്തുന്നവരെ ഒഴിവാക്കി കേരളത്തിൽ എത്തുന്നവരെ 14 ദിവസം നിരീക്ഷണത്തിലാക്കുന്ന സംവിധാനം ഏർപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.