house
ചിത്രം - 1 അടിമാലി ജനമൈത്രി പോലീസ് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ മൂന്നാര്‍ ഡി.വൈ.എസ്.പി. രമേശ് കുമാര്‍ തെയ്യാമ്മക്ക് കൈമാറുന്നു '

അടിമാലി: കല്ലാർ കമ്പിലൈനിൽ ഒരു കുന്നിൻപുറത്ത് പുറമ്പോക്ക് ഭൂമിയിൽ പ്ലാസ്റ്റിക് മറയ്ക്ക് കീഴെ പഴയൊരു കയർകട്ടിലിൽ ചുരുണ്ടുകൂടി ദയനീയമായാണ് ഇന്നലെ വരെ ഈ 78 കാരി കഴിഞ്ഞിരുന്നത്. അടിമാലി ജനമൈത്രി പൊലീസിന്റെ കാരുണ്യം കൊണ്ട് ഇന്ന് ഈ

തെയ്യാമ്മ പാറക്കട്ടോലിൽ എന്ന വയോധികയ്ക്ക് സ്വന്തമായി ഒരു വീടുണ്ട്. തെയ്യാമ്മയുടെ ദയനീയ ജീവിതം ജനമൈത്രി പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത് അടിമാലി ബ്ലോക്ക് മെമ്പർ ഷൈല ജോസാണ്. തുടർന്ന് ഇവർക്ക് അന്തിയുറങ്ങാൻ ഒരു വീടു വച്ചു നൽകാൻ പൊലീസ് ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. 1.28 ലക്ഷം മുടക്കി ഒരു മാസം കൊണ്ടാണ് മനോഹരമായ ചെറിയ വീട് നിർമിച്ച് നൽകിയത്. ഇന്നലെയായിരുന്നു ഗൃഹപ്രവേശം. താക്കോൽ ദാന കർമ്മത്തിനെത്തിയ എല്ലാ നാട്ടുകാർക്കും പൊലീസ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ മൂന്നാർ ഡിവൈ.എസ്.പി രമേഷ് കുമാർ, അടിമാലി സി.ഐ അനിൽ ജോർജ്ജ്, എസ്.ഐ എസ്. ശിവലാൽ, ജനമൈത്രി കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ കെ.ഡി. മണിയൻ, എ.എസ്.ഐമാരായ സി.ആർ. സന്തോഷ്, എം.എം. ഷാജു, ഫ്രാൻസിസ്, പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.പി. രാജൻ, ഷൈല ജോസ്, വീടു നിർമ്മാണത്തിന് നേതൃത്വം നൽകിയ ഏലിയാസ് ചെങ്ങമനാട്ട്, പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് തുളസിഭായി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.