കട്ടപ്പന: ഏലയ്ക്കാ വിലയിടിവ് തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം- ജോസ് വിഭാഗം) കരുണാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് കമ്പംമെട്ട് ചെക്‌പോസ്റ്റ് പടിക്കൽ ധർണ നടത്തും. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ഷൈൻ ജോസ് അദ്ധ്യക്ഷത വഹിക്കും. നിയോജകമണ്ഡലം പ്രസിഡന്റ് ജിൻസൺ വർക്കി മുഖ്യപ്രഭാഷണം നടത്തും. ഇപ്പോഴത്തെ വിലയിടിവിന് പിന്നിൽ ചില വ്യാപാരി ലോബികളാണെന്നു നേതാക്കൾ ആരോപിച്ചു. ഏലക്കവില 4500 രൂപയിൽ നിന്ന് ആയിരം രൂപയിൽ താഴെയെത്തി. ഏലയ്ക്കാ ലേലം തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാപാര ലോബികളുടെ പൂർണ നിയന്ത്രണത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ കയറ്റുമതി വ്യാപാരികളും കുറവാണ്. വിലയിടിവു തുടർന്നാൽ കർഷകർ കൂടുതൽ പ്രതിസന്ധിയിലാകും. ഏലക്കായ്ക്ക് 3000 രൂപ തറവില നിശ്ചയിക്കണമെന്നും നാഫെഡ്, കേരള മാർക്കറ്റിംഗ് ഫെഡറേഷൻ എന്നീ ഏജൻസികൾ ലേലത്തിൽ പങ്കാളികളാകണമെന്നും ഷൈൻ ജോസ്, ബേബി വടക്കുംമുറി, ജോസ് കല്ലറയ്ക്കൽ, ജോസഫ് വാണിയപ്പുര എന്നിവർ ആവശ്യപ്പെട്ടു.