തൊടുപുഴ: വൈദ്യുതി ബില്ലിൽ യാതൊരു പിശകുകളും ഇല്ലെന്ന കെ.എസ്.ഇ.ബി ചെയർമാന്റെ വിശദീകരണം സത്യവിരുദ്ധമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ അഡ്വ. അലക്‌സ് കോഴിമലയും പറഞ്ഞു. വൈദ്യുതി നിരക്കുകൾ സ്ലാബ് അടിസ്ഥാനത്തിലാണ് നിശ്ചയിച്ചിട്ടുള്ളത്. രണ്ട് മാസത്തെ മീറ്റർ റീഡിംഗിന്റെ അടിസ്ഥാനത്തിൽ ബിൽ തയ്യാറാക്കുമ്പോൾ നിരക്ക് സ്വാഭാവികമായി വർദ്ധിക്കും. കൂടിയ നിരക്കിൽ ബിൽ തയ്യാറാക്കുമ്പോൾ ബിൽ തുകയും സ്വാഭാവികമായും വർദ്ധിക്കും. സർക്കാർ ഉപഭോക്താകളെ അക്ഷരാർത്ഥത്തിൽ കൊള്ളയടിക്കുകയാണ് എന്നതാണ് സത്യം. മാസാമാസം മീറ്റർ റീഡിംഗ് എടുത്ത് അതിന്റെ അടിസ്ഥാനത്തിൽ ഓരോ മാസവും ബിൽ നൽകിയാൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും. കർണ്ണാടക സർക്കാർ ലോക്ഡൗൺ കാലത്തെ വൗദ്യുതി ബിൽ പൂർണമായും എഴുതി തള്ളി. തമിഴ്‌നാട് സർക്കാരും ആ വഴിക്കാണ് നീങ്ങുന്നത്. ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി ബിൽ എഴുതി തള്ളണമെന്നും മേലിൽ മാസാമാസം റീഡിംഗ് എടുത്ത് ബിൽ നൽകുന്ന രീതി നടപ്പാക്കണമെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.