മണക്കാട്: കെ.എസ്.ഇ.ബിയുടെ പകൽക്കൊള്ളയ്ക്കെതിരെയും ഭീമമായ വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെയും മണക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ആഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് മൂന്ന് മാസത്തേക്ക് വൈദ്യുതി സൗജന്യമായി നൽകുക, എ.പി.എൽ വിഭാഗക്കാർക്ക് വൈദ്യുതി ബില്ലിൽ 30 ശതമാനം ഇളവ് നൽകുക, ലോക്ക്‌ ഡൗൺ കാലത്ത് വൈദ്യുതി ഉപയോഗിക്കാത്ത കച്ചവട സ്ഥാപനങ്ങൾ, കമ്പനികൾ, ആഫീസുകൾ, അടച്ചിട്ടിരുന്ന വീടുകൾ, ഫ്ളാറ്റുകൾ എന്നിവയ്ക്ക് ചുമത്തിയിട്ടുള്ള ഭീമമായ വൈദ്യുതി ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കോൺഗ്രസ് സമരം. ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് പി.എസ്. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.