ഇടുക്കി: ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന പരാതികൾ/ അപേക്ഷകൾ തീർപ്പാക്കുക, പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുക എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകികൊണ്ട് ജില്ലാ കളക്ടർ അഞ്ച് താലൂക്കുകളിലുമായി രണ്ടാംഘട്ട ഓൺലൈൻ പൊതുജന പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. പൊതുജനങ്ങൾക്ക് വിവിധ വിഷയങ്ങളിന്മേലുള്ള പരാതികൾ ഓൺലൈനായി സമർപ്പിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതിക്ഷോഭം, റേഷൻകാർഡ് ബി.പി.എൽ ആക്കുന്നത് എന്നിവയൊഴികെയുള്ള വിഷയങ്ങളിൽ പരാതികൾ/ അപേക്ഷകൾ https://edistrict.kerala.gov.in/ എന്ന വെബ്‌സൈറ്റ് മുഖേന നേരിട്ടോ അക്ഷയ സെന്ററുകൾ മുഖേനയോ ജില്ലാകളക്ടർക്ക് സമർപ്പിക്കാം. തൊടുപുഴ താലൂക്കിന്റെ അദാലത്ത് ജൂൺ 26നും ഉടുമ്പൻചോല താലൂക്കിലെ അദാലത്ത് ജൂലായ് രണ്ടിനും നടത്തും. അദാലത്ത് ദിവസം താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ വീഡിയോ കോൺഫറൻസ് സംവിധാനം വഴി അപേക്ഷകരുടെ പരാതികൾക്ക് തീർപ്പ് കൽപ്പിക്കും. തൊടുപുഴ താലൂക്കിലെ അദാലത്തിലേക്ക് ഓൺലൈനായി അപേക്ഷ 23നും ഉടുമ്പൻചോല താലൂക്കിലേക്ക് 29നകവും അപേക്ഷ സമർപ്പിക്കണം.