വാഴത്തോപ്പിലും വാത്തിക്കുടിയിലും റസ്‌ക്യൂ ഹോമുകൾക്ക് രണ്ടു കോടി വീതം
ചെറുതോണി: സർക്കാർ ജീവനക്കാർക്ക് ഓഫീസുകൾക്ക് സമീപമായി താമസ സൗകര്യം ഒരുക്കുന്നതിനായി ജില്ലാ ആസ്ഥാനത്ത് സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മിക്കുന്നതിന് 12 കോടി രൂപ അനുവദിച്ചു. കളക്‌ട്രേറ്റിനോട് ചേർന്ന് പരിമിതമായ സൗകര്യങ്ങളാണ് നിലവിലുള്ളത്. കുടുംബമായി താമസിക്കുന്നതിന് സൗകര്യമില്ലാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പൈനാവിനോട് ചേർന്ന് ജീവനക്കാർ ഉപയോഗിക്കുന്ന ക്വാർട്ടേഴ്‌സുകൾ ഇടുക്കി ഡാം നിർമ്മാണ സമയത്ത് നിർമ്മിച്ചവയാണ്. ആസ്പസ്റ്റോസ് ഷീറ്റുകൾ മേഞ്ഞ താത്കാലിക സൗകര്യങ്ങളാണ് നിലവിലുള്ളത്. ഇവ കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലാണ്. കഴിഞ്ഞ മഴക്കാലത്തോടെ കെട്ടിടങ്ങൾ കൂടുതൽ അപകടാവസ്ഥയിലായി. തുടർന്നാണ് റീബിൽഡ് കേരള പദ്ധതിയിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ തുക അനുവദിച്ചത്. അപകട സാധ്യതയുള്ള മേഖലയിൽ നിന്ന് അവശ്യഘട്ടങ്ങളിൽ മാറ്റി പാർപ്പിക്കുന്നതിനായി ഇടുക്കി നിയോജകമണ്ഡലത്തിൽ വാഴത്തോപ്പ്, വാത്തിക്കുടി എന്നിവിടങ്ങളിൽ റെസ്‌ക്യൂ ഹോമുകൾ നിർമ്മിക്കും. വാത്തിക്കുടി പഞ്ചായത്തിൽ പെരിയാർവാലി മേഖലയും വാഴത്തോപ്പിൽ അമ്പത്താറു കോളനി, ഗാന്ധിനഗർ പ്രദേശങ്ങളിലും കഴിഞ്ഞ പ്രളയത്തിൽ ഏറെ അപകട ഭീതി ഉണ്ടായതിനാൽ ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. മറ്റ് പഞ്ചായത്തുകൾക്കും ഉപയോഗപ്രദമായ രീതിയിലാണ് ഇടുക്കി താലൂക്ക് പരിധിയിൽ രണ്ട് റെസ്‌ക്യൂ ഹോം നിർമ്മിക്കുന്നത്. നിർമ്മാണത്തിനായി രണ്ട് കോടി രൂപവീതം അനുവദിച്ചതായി റോഷി അഗസ്റ്റ്യൻ എം.എൽ.എ അറിയിച്ചു.