nhcl
ആലക്കോട് ഫാക്ടറി അങ്കണത്തിൽ പ്രവർത്തിക്കുന്ന റീട്ടെയിൽ കൗണ്ടറിലെ ഇമ്മ്യൂണിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം നിർവഹിക്കുന്നു.

തൊടുപുഴ: കേരളത്തിലെ ആയുർവേദ രംഗത്തെ പ്രമുഖ സംഘടനകളുടെ നേതൃത്വത്തിൽ സാംക്രമിക രോഗങ്ങളെയും പകർച്ച വ്യാധികളെയും പ്രതിരോധിക്കുന്നതിന് സംസ്ഥാനമൊട്ടാകെ ആരംഭിച്ച ആയുർ ഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക്കുകൾ നാഗാർജുന ഔഷധ ശാലയുടെ തിരഞ്ഞെടുത്ത ഏജൻസികളിലും ആഴ്ചയിൽ നിശ്ചിത ദിവസം പ്രവർത്തിക്കും. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശപ്രകാരമാണ് ഇത്തരം ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. കൊവിഡ്- 19 വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആയുർവേദ ഔഷധങ്ങളിലൂടെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിച്ച് നല്ല ചെറുത്തുനിൽപ്പിന് വ്യക്തികളെ സജ്ജമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 28 ന് ആയുർ ഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. കേരളത്തിൽ ഇത്തരത്തിലുള്ള 6000 ഇമ്മ്യൂണിറ്റി ക്ലിനിക്കുകളാണ് ആരംഭിക്കുന്നത്. നാഗാർജുന ആലക്കോട് ഫാക്ടറി അങ്കണത്തിൽ പ്രവർത്തിക്കുന്ന റീട്ടെയിൽ കൗണ്ടറിലെ ഇമ്മ്യൂണിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം നിർവഹിച്ചു. വാർഡ് മെമ്പർ സി. ചന്ദ്രൻ, നാഗാർജ്ജുന ടെക്‌നിക്കൽ ഡയറക്ടർ ഡോ. സി.എസ് കൃഷ്ണകുമാർ, ഫാക്ടറി മാനേജർ എം. അജിത് കുമാർ, ഡോക്ടർമാർ, വിവിധ സംഘടനാ നേതാക്കൾ എന്നിവർ സംസാരിച്ചു. ഡോ. ശ്യാംകിഷോർ സ്വാഗതവും ഡോ. നിഷാന്ത് ഗോപിനാഥ് നന്ദിയും പറഞ്ഞു. എല്ലാ തിങ്കളാഴ്ചയും രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്ലിനിക്കിന്റെ പ്രവർത്തന സമയം. ക്ലിനിക്കിലെ ഡോക്ടർമാരുടെ സേവനം സൗജന്യമാണ്. ആയുഷ് പ്രോട്ടോക്കോൾ പ്രകാരമുള്ള മരുന്നുകൾ ആയിരിക്കും നിർദ്ദേശിക്കുക.