വണ്ണപ്പുറം: അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ആടുകൾ ചത്തു. വണ്ണപ്പുറം ചക്കാലയ്ക്കൽ ബഷീറിന്റെ നാല് ആടുകളെയാണ് തിങ്കളാഴ്ച രാത്രി കടിച്ചുകൊന്നത്. കറവയുള്ള ഒരാടും അഞ്ചുമാസം പ്രായമുള്ള മൂന്ന് ആടുകളുമാണ് ചത്തത്. വീട്ടിൽ നിന്ന് അൽപം മാറിയുള്ള ആട്ടിൻ കൂട്ടിൽ ഇന്നലെ രാവിലെ ആടിനെ കറക്കാൻ എത്തിയപ്പോഴാണ് ഇവ ചത്തുകിടക്കുന്നതായി കാണുന്നത്. ആടുകളുടെ ശരീരഭാഗം ഭക്ഷിച്ച നിലയിലായിരുന്നു. ആടുകളുടെ കഴുത്തിലായിരുന്നു മുറിവ്. വിവരം അറിയിച്ചതനുസരിച്ച് വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി. തെരുവുനായ്ക്കളാണ് ആടുകളെ കടിച്ചുകൊന്നതെന്നാണ് നിഗമനം. ഇവിടെ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചുവരികയാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ നിരവധിപേരുടെ ആടുകളെയും കോഴികളെയും അടുത്ത നാളുകളിൽ തെരുവുനായ്ക്കൾ കടിച്ചുകൊന്നിട്ടുണ്ട്. തെരുവുനായ ശല്യം ഒഴിവാക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.